കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയെ എറണാകുളം ജില്ലാ പ്രസിഡന്റടക്കമുള്ളവർ മർദിച്ചെന്ന് പരാതി
മഹാരാജാസ് കോളജിലെ യൂണിറ്റ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദനം.

കൊച്ചി: കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയെ എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ മർദിച്ചെന്ന് പരാതി. മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനും കെപിസിസി നേതൃത്വത്തിനുമാണ് പരാതി നൽകിയത്.
എറണാകുളം മഹാരാജാസ് കോളജിലെ യൂണിറ്റ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദനം. കോളജിലെ പൂർവവിദ്യാർഥിയും മുൻ യൂണിറ്റ് പ്രസിഡന്റും കൂടിയാണ് നിയാസ്.
പുതിയ യൂണിറ്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വവുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനു പിന്നാലെ, ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിൽ തർക്കമുണ്ടാവുകയും ജില്ലാ നേതൃത്വത്തിന് തന്നോട് വൈരാഗ്യമുണ്ടാവുകയും ചെയ്‌തെന്നും തുടർന്ന് പുറത്തുകൊണ്ടുപോയി മർദിച്ചെന്നുമാണ് നിയാസിന്റെ പരാതി.
എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം കൃഷ്ണലാൽ, വൈസ് പ്രസിഡന്റ് അമർ നിഷാദ്, സെക്രട്ടറി സഫ്‌വാൻ, കെവിൻ എന്നിവരടക്കമുള്ളവരാണ് മർദിച്ചതെന്നാണ് പരാതി. എന്നാൽ പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് ജില്ലാ നേതാക്കളുടെ വിശദീകരണം. സംസ്ഥാന നേതൃത്വം തങ്ങളോട് വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്നും അവർ പറയുന്നു.
Adjust Story Font
16