കുസാറ്റിലെ നിയമന അട്ടിമറി; പി.കെ ബേബിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കെ.എസ്.യു മാർച്ച്
ശനിയാഴ്ചയാണ് പ്രതിഷേധങ്ങൾ അവഗണിച്ചും ബേബിയുടെ പ്രമോഷൻ ഇന്റർവ്യൂ നടന്നത്.
കൊച്ചി: കുസാറ്റിൽ തസ്തിക അട്ടിമറിയിലൂടെ അസിസ്റ്റന്റ് പ്രഫസറായ പി.കെ ബേബിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഇന്ന് മാർച്ച് നടത്തും. പി.കെ ബേബിയുടെ നിയമനത്തിൽ മന്ത്രി പി രാജീവിന്റെ പങ്ക് കൂടി അനേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർവകലാശാലയിലേക്കുള്ള മാർച്ച്.
രാവിലെ 11 മണിക്കാണ് മാർച്ച് ആരംഭിക്കുക. ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം നൽകിയുള്ള സർവകലാശാലയുടെ ഇത്തരവ് ഉടൻ പ്രസിദ്ധികരിക്കുമെന്നാണ് വിവരം. പി.കെ ബേബിയെ അസിസ്റ്റന്റ് പ്രൊഫസറാക്കിയതിനെ ന്യായീകരിച്ച് കുസാറ്റ് രംഗത്തെത്തിയിരുന്നു. ബേബിയെ നിയമിച്ചത് സർക്കാരിന്റെയും വി.സിയുടേയും അനുമതിയോടെയാണ്. അധ്യാപക പരിചയമുള്ളതിനാലാണ് അധ്യാപക തസ്തിക നൽകിയതെന്നായിരുന്നു വിശദീകരണം.
ശനിയാഴ്ചയാണ് പ്രതിഷേധങ്ങൾ അവഗണിച്ചും ബേബിയുടെ പ്രമോഷൻ ഇന്റർവ്യൂ നടന്നത്. ക്ലാസ് ടു തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ബേബിയുടെ അപേക്ഷ സ്വീകരിച്ച് സർവകലാശാല സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്താണ് അസിസ്റ്റന്റ് പ്രഫസർ പദവി നൽകിയത്.
തസ്തിക അട്ടിമറി സംബന്ധിച്ച വാർത്ത മീഡിയാവണാണ് പുറത്തുകൊണ്ടുവന്നത്. ഡിപ്പാർട്ട്മെന്റുകൾക്കെല്ലാം അവധിയായ ശനിയാഴ്ച വി.സിയുടെ ഓഫീസിൽ വച്ചായിരുന്നു അഭിമുഖം. കുസാറ്റിലെ മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ പി.കെ ബേബി അസാധാരണ നീക്കങ്ങളിലൂടെയാണ് യു.ജി.സി ശമ്പളം വാങ്ങുന്ന ഉന്നത പദവിയിലെത്തിയത്.
വി.എസ് സർക്കാരിന്‍റെ കാലത്ത് ക്ലാർക്കിന് തൊട്ടുമുകളിലെ തസ്തികയിൽ നിയമിക്കപ്പെട്ട ബേബിക്ക് വേണ്ടി ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അട്ടിമറികൾ നടന്നത്. വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ്, കലോത്സവ നടത്തിപ്പ് തുടങ്ങിയ ചുമതലകളാണ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർക്കുള്ളത്.
ക്ലാസ് ടു വിഭാഗത്തിലുള്ള ഈ പോസ്റ്റ് കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും നോൺ ടീച്ചിങ് വിഭാഗത്തിലാണ്. കുസാറ്റിലെ സ്റ്റുഡന്റ്‌സ് വെൽഫെയർ ഡയറക്ടർ പോസ്റ്റിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നത് 2008ലെ ഇടത് സിൻഡിക്കേറ്റിന്റെ കാലത്താണ്. 12930- 20250 ശമ്പള സ്‌കെയിലിൽ പി.കെ ബേബി എന്ന കുസാറ്റിലെ മുൻ എസ്.എഫ്.ഐ നേതാവിന് നിയമനം ലഭിച്ചു.
ഏഴു വർഷം ഈ പോസ്റ്റിൽ ജോലി ചെയ്ത ബേബി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിചിത്രമായ ഒരു ആവശ്യമുന്നയിച്ചു. തന്റെ പോസ്റ്റ് യുജിസി ശമ്പളത്തോടെ ടീച്ചിങ് പോസ്റ്റാക്കി മാറ്റണമെന്നായരുന്നു ആവശ്യം. 2016 ൽ ബേബിയുടെ നിവേദനം ലഭിച്ചയുടൻ സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
സർക്കാരിലും കുസാറ്റ് സിൻഡിക്കേറ്റിലുമൊക്കെ ബേബിയുടെ സ്വന്തക്കാരായതിനാൽ എല്ലാം മുൻകൂട്ടി നിശ്ചയിച്ചത് പോലെ നടന്നു. 2018 ജൂൺ 23ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പി.കെ ബേബിയുടെ ആവശ്യം അംഗീകരിച്ചു. 11 വർഷത്തെ മുൻകാല പ്രാബല്യത്തോടെ യുജിസി ശമ്പളവും അനുവദിച്ചു. വി.എസ് സർക്കാരിന്റെ കാലം മുതൽ അതിനിഗൂഢമായ നീക്കങ്ങളാണ് പി.കെ ബേബിയെന്ന വ്യക്തിയെ ഉന്നത പദവിയിലെത്തിക്കാനായി നടന്നത്.
Adjust Story Font
16