പൂക്കോട് സംഘർഷം; ഇന്ന് കെ.എസ്.യു സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ്
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടക്കും. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
എന്നാല്‍ ഇന്ന് നടക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, സര്‍വകലാശാലാ തല പരീക്ഷകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. കൂടാതെ സെക്രട്ടറിയേറ്റിലേക്ക് ഇന്ന് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാര്‍ച്ചും നടത്തും. ഇതിനിടെ പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു. കെ.എസ്.യു ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെട്ട് കെ.എസ്.യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസവും തുടരുന്നു.
സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. സിദ്ധാര്‍ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കുക, കൊലക്ക് കൂട്ടുനിന്ന ഡീന്‍ എം.കെ നാരായണന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്നും പുറത്താക്കി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക, കല്പറ്റ മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാര സമരം. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്ത സമരമാണ് ഇന്നും തുടരുന്നത്.
സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കോഴിക്കോട്ട് പന്തംകൊളുത്തി പ്രകടനം നടത്തി. എസ്.എഫ്.ഐ യുടെ നാസി തടവറയില്‍ നിന്ന് ക്യാംപസുകളെ മോചിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ലീഗ് ഹൗസിന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
Adjust Story Font
16