Quantcast

'ആ പൂതി മനസിലിരിക്കട്ടെ, പാണക്കാട് കുട്ടികളിലാരെയും ഒരാളും തൊടില്ല'; മുഈനലി തങ്ങൾക്ക് ഐ​ക്യദാർഢ്യവുമായി കെ.ടി ജലീൽ

'ഞങ്ങളെയൊക്കെ വീൽചെയറിലാക്കിയേ സയ്യിദ് മുഈനലി തങ്ങളെ വീൽചെയറിലാക്കാൻ ഏതൊരുത്തനും സാധിക്കൂ. ഫോണിൽ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട'- കെ.ടി ജലീൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-01-21 10:29:04.0

Published:

21 Jan 2024 10:26 AM GMT

KT Jaleel announces solidarity with Syed Mueen Ali Shaihab Thangal
X

കോഴിക്കോട്: വധഭീഷണിയുണ്ടായ പാണക്കാട് മുഈനലി തങ്ങൾക്ക് പിന്തുണയുമായി കെ.ടി ജലീൽ എം.എൽ.എ. പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും ഒരാളും തൊടില്ലെന്നും ഗുരുത്വക്കേട് തട്ടി വീൽചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മുഈനലി തങ്ങൾക്ക് ഐക്യദാർഢ്യമെന്നും ജലീൽ വ്യക്തമാക്കി.

പാണക്കാട് കുടുംബത്തിൽ ഹൈദരലി തങ്ങളുടെ മക്കൾക്ക് മാത്രം മഹത്വമില്ലെന്നാണ് പൈതൃകവാദികളുടെ പക്ഷമെങ്കിൽ ആ പക്ഷത്ത് നിൽക്കാൻ തലച്ചോറുള്ള ആരെയും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പാണക്കാട് തങ്ങൻമാർ. ആ മഹനീയ പൈതൃകം പാണക്കാട് കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അവരിൽ ഒരാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. മൺമറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയ മകൻ'.

'പാണക്കാട്ടെ മുഈനലി തങ്ങളെ വീൽചെയറിലാക്കും എന്ന് ഏതോ ഒരു അധമൻ പുലമ്പിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാൻ "പാണക്കാട് പൈതൃകം" ആഘോഷിച്ചവരെയും പാണക്കാട്ടെ തങ്ങൻമാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണ്'.

'പാണക്കാട് തങ്ങൻമാരിൽ ഒരാൾക്കെതിരെയും വധഭീഷണി ഉയർത്താൻ ഒരാളും ഇന്നോളം തയാറായിട്ടില്ല. എന്നിരിക്കെ മുഈനലി തങ്ങൾക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാവണം. ഞങ്ങളെയൊക്കെ വീൽചെയറിലാക്കിയേ സയ്യിദ് മുഈനലി തങ്ങളെ വീൽചെയറിലാക്കാൻ ഏതൊരുത്തനും സാധിക്കൂ. ഫോണിൽ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട'- കെ.ടി ജലീൽ വിശദമാക്കി.

'തങ്ങളേ, ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നായിരുന്നു മുഈനലി തങ്ങൾക്ക് നേരെയുണ്ടായ ഭീഷണി സന്ദേശം.

മുഈനാലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്‌നം ഉണ്ടാക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. റാഫി പുതിയകടവ് എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഇതിന്റെ ഓഡിയോ സന്ദേശമടക്കം മുഈനലി തങ്ങൾ മലപ്പുറം പൊലീസിൽ പരാതി നൽകുകയും ഞായറാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരായി മൊഴി നൽകുകയും ചെയ്തു.

കഴിഞ്ഞദിവസം മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും അബ്ദുസ്സമദ് സമദാനി എം.പിയെയും മുഈനലി തങ്ങൾ പരോക്ഷമായി വിമർശിച്ചിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിനായിരുന്നു ആദ്യം മുഈനലി തങ്ങളുടെ പരോക്ഷ മറുപടി. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും മുഈനലി തങ്ങള്‍ തുറന്നടിച്ചു.

ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന സമദാനിയുടെ പുകഴ്ത്തലിനും മുഈനലി മറുപടി നല്‍കിയിരുന്നു. ചന്ദ്രനെയും സൂര്യനെയും മറച്ചുപിടിക്കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ലെന്നായിരുന്നു മുഈനലി തങ്ങളുടെ പരാമര്‍ശം. ഇതിനു പിന്നാലെയായിരുന്നു ഭീഷണി.

കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ 2021ൽ ലീഗ് ഹൗസിൽ വെച്ച് മുഈൻ അലി തങ്ങൾക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് റാഫിയെ പാർട്ടിയിൽനിന്ന് സസ്​പെൻഡ് ചെയ്തിരുന്നു. ഇന്ത്യ വിഷൻ ആക്രമണ കേസിലെ പ്രതി കൂടിയാണ് റാഫി.


കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആ പൂതി മനസ്സിലിരിക്കട്ടെ!

എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പാണക്കാട് തങ്ങൻമാർ. ആ മഹനീയ പൈതൃകം പാണക്കാട് കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അവരിൽ ഒരാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. മൺമറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയ മകൻ.

പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും ഒരാളും തൊടില്ല. ഗുരുത്വക്കേട് തട്ടി വീൽചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം. പാണക്കാട് കുടുംബത്തിൽ ഹൈദരലി തങ്ങളുടെ മക്കൾക്ക് മാത്രം മഹത്വമില്ലെന്നാണ് "പൈതൃകവാദി"കളുടെ പക്ഷമെങ്കിൽ ആ പക്ഷത്ത് നിൽക്കാൻ തലച്ചോറുള്ള ആരെയും കിട്ടില്ല. മുഈനലി തങ്ങളും പള്ളികളുടെ ഖാസി സ്ഥാനം അലങ്കരിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ ഫോട്ടോ മാത്രം "പാണക്കാട് ഖാസി ഫൗണ്ടേഷനിൽ" നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് സംഘാടകർ വ്യക്തമാക്കണം. ഹസൻ (റ) വിനും ഹുസൈൻ (റ) വിനും ഇടയിൽ വ്യത്യാസം കൽപ്പിക്കുന്നവർ യഥാർത്ഥ പ്രവാചക സ്നേഹികളാണോ?

പാണക്കാട്ടെ മുഈനലി തങ്ങളെ വീൽചെയറിലാക്കും എന്ന് ഏതോ ഒരു അധമൻ പുലമ്പിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാൻ "പാണക്കാട് പൈതൃകം" ആഘോഷിച്ചവരെയും, പാണക്കാട്ടെ തങ്ങൻമാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും, തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണ്.

പാണക്കാട് തങ്ങൻമാരിൽ ഒരാൾക്കെതിരെയും വധഭീഷണി ഉയർത്താൻ ഒരാളും ഇന്നോളം തയ്യാറായിട്ടില്ല. എന്നിരിക്കെ മുഈനലി തങ്ങൾക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഞങ്ങളെയൊക്കെ വീൽചെയറിലാക്കിയേ സയ്യിദ് മുഈനലി തങ്ങളെ വീൽചെയറിലാക്കാൻ ഏതൊരുത്തനും സാധിക്കൂ. ഫോണിൽ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട. പാണക്കാട് മുഈനലി തങ്ങൾക്ക് ഐക്യദാർഢ്യം.



TAGS :

Next Story