'മുഈനലി തങ്ങൾ വലിഞ്ഞുകയറി ചെന്നതല്ല' ഹൈദരലി തങ്ങളുടെ കത്ത് പങ്കുവെച്ച് കെ.ടി ജലീല്‍
'മുഈനലി തങ്ങള്‍ക്കെതിരെ തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഗുണ്ടക്കെതിരെ ലീഗ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല'
'ചന്ദ്രിക'യുടെ ബാധ്യതകളുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സയ്യിദ് മുഈനലി തങ്ങൾ വലിഞ്ഞുകയറി ചെന്നതല്ലെന്ന് കെ.ടി ജലീല്‍. മുഈനലിയുടേത് ഹൈദരലി തങ്ങളുടെ ശാസന മറികടന്നുള്ള അഭിപ്രായപ്രകടനമാണെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്‍റെ പ്രസാതാവനയെ തള്ളിക്കൊണ്ടായിരുന്നു ജലീലിന്‍റെ പ്രതികരണം. മുഈനലി തങ്ങള്‍ക്ക് ചന്ദ്രികയുടെ ചുമതല നല്‍കിക്കൊണ്ടുള്ള മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു കെ.ടി ജലീലിന്‍റെ ഫേസ്ബുക് കുറിപ്പ്.
മുഈനലി തങ്ങള്‍ക്കെതിരെ തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ലീഗ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ജലീല്‍ വിമര്‍ശിച്ചു. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങൾക്കും മകൻ മുഈനലി തങ്ങൾക്കും സർക്കാർ സംരക്ഷണമൊരുക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
'ചന്ദ്രിക' പത്രത്തിൻെറ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയല്ല പി.കെ. കുഞ്ഞാലിക്കുട്ടിയെയാണ് ഇ.ഡി ചോദ്യം ചെയ്യേണ്ടതെന്ന് കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരോഗ്യം മോശമായി ചികിത്സയിലുള്ള പാണക്കാട് തങ്ങളെ ചോദ്യംചെയ്യാൻ അയച്ച നോട്ടീസ് ഇ.ഡി പിന്‍വലിച്ച് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യണം. യഥാര്‍ഥ കുറ്റവാളി കുഞ്ഞാലിക്കുട്ടിയാണെന്ന് ഇ.ഡിക്കും അറിയാം. ആ കുറ്റവാളി രക്ഷപ്പെടരുതെന്നും ജലീല്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാണക്കാട് കുടുംബത്തെയും ഹൈദരലി ശിഹാബ് തങ്ങളെയും വഞ്ചിക്കാനും ചതിക്കാനുമാണ് കുഞ്ഞാലിക്കുട്ടി ശ്രമിച്ചതെന്നും ജലീല്‍ ആരേeപിച്ചിരുന്നു.
കെ.ടി ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈനലിയെ ഏൽപിച്ചതായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിന്‍റെ കോപ്പിയാണ് ഇമേജായി നൽകിയിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ലീഗാഫീസിൽ ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വലിഞ്ഞുകയറി ചെന്നതല്ല സയ്യിദ് മുഈനലി തങ്ങൾ എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇത്. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇന്നലെ വൈകുന്നേരം മാധ്യമങ്ങൾക്ക് നൽകിയ വാർത്താകുറിപ്പിൽ പറഞ്ഞത് ആരും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്നാണ്. മുഈനലി തങ്ങളെ കേട്ടാൽ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഇതുവരെ ഒരക്ഷരം ഉരിയാടിയതായി കണ്ടില്ല. ഈ സാഹചര്യത്തിൽ ചികിൽസയിൽ കഴിയുന്ന സമാദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകൻ മുഈനലി തങ്ങൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കും ആവശ്യമായ സംരക്ഷണം സർക്കാർ ഒരുക്കണം.
Adjust Story Font
16