Quantcast

'സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്‌ലിം വിഭാഗത്തിൽനിന്നുള്ളവർ'; പരാമർശത്തിൽ ഉറച്ച് കെ.ടി ജലീൽ

'സ്വർണം കടത്തിയതിന് പിടിക്കപ്പെട്ട പണ്ഡിതന്മാരുണ്ട്. ലീഗ് വേദികളിൽ ഇവരെക്കൊണ്ട് സംസാരിപ്പിച്ചു. ഇത് ശരിയല്ലെന്ന് ലീഗിന് തെളിയിക്കാൻ കഴിയില്ല.'

MediaOne Logo

Web Desk

  • Published:

    6 Oct 2024 11:11 AM GMT

Most of those caught in gold smuggling cases are from the Muslim community; KT Jaleel insists on the controversial remarks
X

മലപ്പുറം: വിവാദ പരാമർശത്തിൽ ഉറച്ച് കെ.ടി ജലീൽ. സ്വർണക്കടത്ത് കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്‌ലിം മതവിഭാഗത്തിൽനിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, എല്ലാ മുസ്‌ലിംകളും സ്വർണ്ണക്കടത്ത് നടത്തുന്നവരാണെന്ന് പറഞ്ഞിട്ടില്ലെന്നും ജലീൽ വാദിച്ചു. സദുദ്ദേശ്യപരമായി ഞാൻ പറഞ്ഞ കാര്യത്തെ മോശമായി ചിത്രീകരിച്ചു. ഞാൻ മലപ്പുറത്തെ മോശമായി ചിത്രീകരിച്ചുവെന്ന രീതിയിൽ സൈബർ ഇടത്തിൽ പ്രചാരണം നടത്തിയെന്നും ജലീൽ പറഞ്ഞു.

ലീഗ് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മുസ്‌ലിംകളും സ്വർണ്ണക്കടത്ത് നടത്തുന്നവരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ, ഈ കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്‌ലിം മതവിഭാഗത്തിൽനിന്നുള്ളവരാണെന്നും ജലീൽ ആരോപിച്ചു.

വളരെ സദുദ്ദേശ്യപരമായി ഞാൻ പറഞ്ഞ കാര്യത്തെ ലീഗ് നേതാവ് പി.എം.എ സലാം മോശമായി ചിത്രീകരിച്ചു. ഞാൻ മലപ്പുറത്തെ മോശമായി ചിത്രീകരിച്ചുവെന്ന രീതിയിൽ സൈബർ ഇടത്തിൽ പ്രചാരണം നടത്തി. നമ്മുടെ നാട്ടിൽ ക്രിയാത്മകമായ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ മതവിഭാഗങ്ങളും ഇടപെടൽ നടത്തണം. വിമർശനങ്ങൾ ഓരോ സമുദായത്തിന്റെ അകത്തുനിന്നും ഉയർന്നുവരണം. അതിനുള്ള ശ്രമമാണ് ഞാൻ നടത്തിയത്. മതവിധി വേണമെന്ന് പറഞ്ഞത് സമൂഹത്തിന്റെ നന്മ മുന്നിൽകണ്ടാണെന്നും ജലീൽ പറഞ്ഞു.

ഈത്തപ്പഴക്കുരുവിന്റെ അകത്ത് സ്വർണം കടത്തിയെന്നു വരെ എനിക്കെതിരെ പറഞ്ഞു. സംഘ്പരിവാർ പറയുന്നത് ലീഗും കോൺഗ്രസും ഏറ്റുപിടിച്ചു. വേട്ടപ്പട്ടി ഓടുന്ന പോലെയല്ലേ ലീഗും കോൺഗ്രസും എന്റെ പിന്നാലെ ഓടിയത്. അന്ന് കുറ്റം ചെയ്തിരുന്നെങ്കിൽ ഞാൻ ജയിലിൽ പോകുമായിരുന്നില്ലേയെന്നും ജലീൽ ചോദിച്ചു.

''സ്വർണ്ണക്കടത്തിൽ തെറ്റില്ലെന്നു കരുതുന്ന പണ്ഡിതന്മാർ പോലുമുണ്ട്. സ്വർണം കടത്തിയതിന് പിടിക്കപ്പെട്ട പണ്ഡിതന്മാരുണ്ട്. ലീഗ് വേദികളിൽ ഇവരെക്കൊണ്ട് സംസാരിപ്പിച്ചു. ഇത് ശരിയല്ലെന്ന് ലീഗിന് തെളിയിക്കാൻ കഴിയില്ല. പണ്ഡിതന്മാരിൽ പോലും ഇത്തരത്തിലുള്ള പ്രവണതകളുണ്ട്. ലീഗ് പിന്തുണക്കുന്ന പണ്ഡിതനാണത് ചെയ്തത്. അങ്ങനെ ഒരാൾ ഇല്ലെന്നു തെളിയിക്കാൻ ഞാൻ ലീഗ് നേതൃത്വത്തെ വെല്ലുവിളിക്കുന്നു.''

ലീഗിന് ഇപ്പോഴും ഇത് തെറ്റാണെന്ന് അറിയില്ല. ഖാദിമാരാണ് ഇത്തരം ആഹ്വാനങ്ങൾ നടത്തേണ്ടത്. സാദിഖലി തങ്ങൾക്ക് അതിനു കഴിയുന്നില്ലെങ്കിൽ അദ്ദേഹം ആ സ്ഥാനം ഒഴിയണം. ഇത് പറഞ്ഞതിനാണ് തന്നെ വർഗീയവാദിയാക്കിയതെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

Summary: 'Most of those caught in gold smuggling cases are from the Muslim community'; KT Jaleel insists on the controversial remarks

TAGS :

Next Story