Quantcast

''ഉദ്യോഗസ്ഥരിൽ ആര്‍.എസ്.എസ്, കോൺഗ്രസ് അനുകൂലികൾ കുറച്ചുണ്ടല്ലോ?''; ജപ്‍തി വിവാദത്തില്‍ കെ.ടി ജലീലിന്‍റെ പ്രതികരണം

എല്‍.ഡി.എഫിനെ അനുകൂലിക്കുന്നവരും നടപടി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോളായിരുന്നു ജലീലിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-01-22 16:52:58.0

Published:

22 Jan 2023 4:48 PM GMT

ഉദ്യോഗസ്ഥരിൽ ആര്‍.എസ്.എസ്, കോൺഗ്രസ് അനുകൂലികൾ കുറച്ചുണ്ടല്ലോ?; ജപ്‍തി വിവാദത്തില്‍ കെ.ടി ജലീലിന്‍റെ പ്രതികരണം
X

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന ജപ്‍തി നടപടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കെ.ടി ജലീല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും നടപടി നേരിടേണ്ടി വരുന്നുണ്ടെന്ന വിമര്‍ശനത്തിലാണ് ജലീലിന്‍റെ പ്രതികരണം. ഉദ്യോഗസ്ഥരിൽ ആര്‍.എസ്.എസ്, കോൺഗ്രസ് അനുകൂലികൾ കുറച്ചുണ്ടെന്നും സർക്കാരിനെ പറയിപ്പിക്കാൻ അത്തരക്കാർ നടത്തിയ നീക്കത്തിൻ്റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും ജലീല്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു. എല്‍.ഡി.എഫിനെ അനുകൂലിക്കുന്നവരും നടപടി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അനൂപ് വി.ആര്‍ ഇട്ട പോസ്‍റ്റ് പങ്ക് വച്ച് ഷാജി മഠത്തില്‍ എന്നയാള്‍ 'നമ്മുടെ പ്രവര്‍ത്തകനാണ് ഇടപെടണം' എന്നെഴുതിയ കമന്‍റിന് മറുപടി നല്‍കുകയായിരുന്നു ജലീല്‍.

''ഭയപ്പെടേണ്ട. ഉദ്യോഗസ്ഥരിൽ ആര്‍.എസ്.എസ്, കോൺഗ്രസ് അനുകൂലികൾ കുറച്ചുണ്ടല്ലോ? സർക്കാരിനെ പറയിപ്പിക്കാൻ അത്തരക്കാർ നടത്തിയ നീക്കത്തിൻ്റെ ഭാഗമായി കണ്ടാൽ മതി. സർക്കാർ ജീവനക്കാരിൽ 60%മേ ഇടതുപക്ഷക്കാരുള്ളൂ. ബാക്കി 40% യു.ഡി.എഫ്- ബി.ജെ.പി അനുഭാവികളാണ്. ശ്രദ്ധയിൽ പെടുത്തിയ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. നാളെത്തന്നെ കളക്ടർക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും ഒരു പരാതി കൊടുക്കാൻ പറയുക. ആശങ്ക വേണ്ട. ഉദ്യോഗസ്ഥരുടെ കൊള്ളരുതായ്മ തിരുത്താൻ കേരളത്തിൽ ജനകീയ സർക്കാരുണ്ട്''- ജലീല്‍ പറഞ്ഞു.



പോപുലർ ഫ്രണ്ട് ഹർത്താലിൽ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടികൾക്ക് ഹൈക്കോടതി നിർദേശം നൽകിയത്. എന്നാൽ പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവർക്കും ജപ്തി നോട്ടീസ് നൽകിയതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പർക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരപരാധികളെ കുടുക്കുന്ന തരത്തിൽ ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ജപ്തി നടപടിയെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജപ്തി നോട്ടീസ് നൽകിയ ശേഷം നിങ്ങൾ പ്രതിയല്ലെങ്കിൽ കോടതിയിൽ തെളിയിച്ചോളൂ എന്നാണ് പൊലീസ് പറയുന്നത്. ഇത് തന്നെയാണ് മോദി സർക്കാർ പൗരത്വ നിയമത്തിന്റെ കാര്യത്തിലും പറയുന്നത്. ഈ രീതി കേരളത്തിൽ അനുവദിക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

TAGS :

Next Story