'വിവരമില്ലെന്ന് പരിഹസിച്ചവർക്കും വേട്ടയാടിയവർക്കും സമർപ്പണം'; ഹൈക്കോടതി വിധിയിൽ കെ.ടി ജലീൽ
അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസ് തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതിപക്ഷനേതാവിനെയും മാധ്യമങ്ങളെയും പരിഹസിച്ച് കെടി ജലീൽ. കോടതി വിധി ഇരുകൂട്ടർക്കും സമർപ്പിക്കുന്നുവെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
'സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ വിളിച്ച് കൂവി മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച "ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു" കേസിലെ പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹരജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം.
ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയും ചെയ്ത കോട്ടിട്ട ചാനൽ അവതാരകർക്കും അന്തിച്ചർച്ചകളിലെ സ്ഥിര ന്യായീകരണ തൊഴിലാളികൾക്കും അവരുടെ വാദങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയ പ്രതിപക്ഷ നേതാവിനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി വിനയപുരസ്സരം സമർപ്പിക്കുന്നു'; ജലീൽ കുറിച്ചു.
സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് സ്വപ്ന സുരേഷ് നൽകിയ ഹരജിയാണ് കോടതി തള്ളിയത്. വ്യാജരേഖ ചമയ്ക്കൽ,ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സ്വപ്നക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കെ.ടി ജലീൽ പരാതിക്കാരനായ കേസിൽ പി സി ജോർജും പ്രതിയാണ്. ഗൂഢാലോചനയിൽ പങ്കാളിയായ ആളുടെ മൊഴി തന്നെ സ്വപ്നക്ക് എതിരായ തെളിവാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
ഇഡിക്ക് പോലും അന്വേഷണവുമായി മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയലക്ഷ്യം വച്ചാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചതെന്ന് വാദം സർക്കാറും കോടതിയിൽ ആവർത്തിച്ചു. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
Adjust Story Font
16