ഏറ്റവും കൂടുതൽ ഹിന്ദു പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത് പിണറായി മുഖ്യമന്ത്രിയായപ്പോഴെന്ന് കെ.ടി ജലീൽ
അൻവറിനെ ബോധ്യപ്പെടുത്താൻ പലതവണ ശ്രമിച്ചു, നമ്മൾ അദ്ദേഹത്തിന് കൊടുത്ത മാന്യത ഇങ്ങോട്ടുണ്ടായില്ലെന്നും ജലീൽ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു
കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് സേനയിൽ നിന്ന് ഏറ്റവും കൂടുതൽ ഹിന്ദു പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത് പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോഴെന്ന് എൽഡിഎഫ് എംഎൽഎ കെ.ടി ജലീൽ. ദേശാഭിമാനി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ജലീൽ ഇക്കാര്യം പരാമര്‍ശിക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത് പിണറായി മുഖ്യമന്ത്രിയായപ്പോഴാണ്. അതിൽ ഏറെയും ഹിന്ദുവിഭാഗമാണെന്നായിരുന്നു ജലീലിന്റെ പരാമർശം. എല്ലാത്തിലും മതം കലർത്തുന്നവർ, പിണറായി സംഘിയാണെന്ന് ആക്ഷേപിക്കുന്നവർ ആ ലിസ്റ്റ് ഒന്നുവാങ്ങിനോക്കണമെന്നും ജലീൽ പറയുന്നു.
മലപ്പുറത്ത് ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് പിണറായി വിജയന്റെ ഭരണത്തിലല്ല, 2015 ലെ ഉമ്മൻചാണ്ടി ഭരണത്തിലാണ്. മലപ്പുറത്തിന്റെ പേരുപറഞ്ഞാൽ അത് ന്യൂനപക്ഷവിരുദ്ധമായി ചിത്രീകരിക്കുന്നത് ലീഗാണ്. അതിന് പ്രേരണയാകുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും ജലീൽ പറയുന്നു.
അൻവർ കൊടുത്ത പരാതിയിൽ സർക്കാർ ഉടൻ നടപടിയെടുത്തു. എന്നിട്ടും എന്താണ് പറ്റിയതെന്ന് അറിയില്ല. അൻവറിനെ ബോധ്യപ്പെടുത്താൻ പലതവണ ശ്രമിച്ചു. നമ്മൾ അദ്ദേഹത്തിന് കൊടുത്ത മാന്യത ഇങ്ങോട്ടുണ്ടായില്ല. ജലീലിന് സ്വന്തം കാലിൽനിൽക്കാൻ പറ്റില്ലെന്ന് അൻവർ പറഞ്ഞുവെന്നും എന്നാൽ സ്വന്തം കാലിൽ നിന്ന ചരിത്രമെയുള്ളുവെന്നും ഏതെങ്കിലും പ്രമാണിയുടെ ഒരു സഹായവും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16