മമ്മൂക്കയുടെ പേരിനൊപ്പം ചേർന്ന് എന്റെ പേര് വന്നത് തന്നെ അവാർഡ് കിട്ടിയതിന് തുല്യം: കുഞ്ചാക്കോ ബോബൻ
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.
കൊച്ചി: മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയുടെ പേരിനൊപ്പം തന്റെ പേര് വന്നത് തന്നെ അവാർഡ് ലഭിച്ചതിന് തുല്യമാണെന്ന് കുഞ്ചാക്കോ ബോബൻ. ചില വിവാദങ്ങളുണ്ടായെങ്കിലും സിനിമ മുന്നോട്ടുവെച്ച ആശയം കൃത്യമായി മനസ്സിലാക്കിയ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളാണ് കേരളത്തിലുള്ളത്. അറിഞ്ഞോ അറിയാതെയോ അത്തരം മാർക്കറ്റിങ് സ്ട്രാറ്റജികൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി.
നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമക്കുള്ള പുരസ്‌കാരം. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടൻ. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രം സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ.
Adjust Story Font
16