കുണ്ടറ പീഡന കേസ്; എ.കെ.ശശീന്ദ്രനെതിരായ രണ്ടാമത്തെ പരാതിയും ലോകായുക്ത തള്ളി
മന്ത്രി കേസില്‍ ഇടപെട്ടതായി കണക്കാക്കാനാകില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.
കുണ്ടറ പീഡന കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ രണ്ടാമത്തെ പരാതിയും ലോകായുക്ത തള്ളി. വിവരാവകാശ പ്രവര്‍ത്തകനായ പായ്ചിറ നവാസ് നൽകിയ പരാതിയാണ് തള്ളിയത്. മന്ത്രി സ്വന്തം പാർട്ടിയുടെ ലോക്കൽ നേതാവിനോടാണ് സംസാരിച്ചത്, അത് കേസിൽ ഇടപെട്ടതായി കണക്കാക്കാനാകില്ലെന്നും തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത വ്യക്തമാക്കി.
എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ലോകായുക്തയില്‍ നവാസ് ഹരജി നല്‍കിയത്. മന്ത്രി ശശീന്ദ്രൻ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും മന്ത്രിയായി തുടരാൻ അവകാശമില്ലെന്നും പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യസാക്ഷിയായി വിസ്തരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം സ്വദേശിയായ അഡ്വ. ജിജ ജെയിംസ് മാത്യുവാണ് മന്ത്രിക്കെതിരെ നേരത്തെ പരാതി നല്‍കിയത്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഇടപെട്ടുവെന്നും മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും പുറത്താക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. കുണ്ടറയിൽ പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടതാണ് മന്ത്രിയെ വിവാദത്തിലാക്കിയത്.
Adjust Story Font
16