സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തില്‍ കെ.വി തോമസിന്‍റെ തീരുമാനം ഇന്ന് പ്രഖ്യാപിക്കും
കെ.വി തോമസ് ഇടതുപക്ഷത്തേക്ക് വന്നാൽ നൽകേണ്ട പദവി സംബന്ധിച്ച ചർച്ചകളും നടന്നതായാണ് സൂചന
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ കെ.വി.തോമസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച് രാവിലെ 11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. സെമിനാറിൽ പങ്കെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നതിലൂടെ കെവി തോമസിനെ ഇടതുപാളയത്തിലെത്തിക്കാനാണ് സി പി എം ശ്രമം. കോൺഗ്രസ്സിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ചും തോമസുമായി നിരന്തരം സി പി എം നേതാക്കൾ ആശയവിനിമയം നടത്തുന്നതും ഇതിനാലാണെന്നാണ് സൂചന. സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനം കെ വി തോമസ് ഇന്ന് പ്രഖ്യാപിക്കും.
കോൺഗ്രസ്സിൽ അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന പരാതി കെവി തോമസ് നിരന്തരം ഉന്നയിക്കുന്നുണ്ട്. കെ വി തോമസ് സി പി എമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നേരത്തെ ഉയർന്നിരുന്നു. ഇതിന് ആക്കം നൽകി കൊണ്ടാണ് പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് സി പി എം അദ്ദേഹത്തെ ക്ഷണിക്കുന്നത്. കെ.പി.സി സി നേതൃത്വം വിലക്കിയിട്ടും സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വീണ്ടും സമീപിച്ചത് അനുകൂല ഘടകമായി സിപിഎം കരുതുന്നു. തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് സിപിഎം നേതാക്കൾ ആവർത്തിച്ച് പറയുന്നതും ഇതുകൊണ്ടാണ്.
കെ.വി തോമസ് ഇടതുപക്ഷത്തേക്ക് വന്നാൽ നൽകേണ്ട പദവി സംബന്ധിച്ച ചർച്ചകളും നടന്നതായാണ് സൂചന. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ വി തോമസിൻ്റെ വരവ് ഗുണം ചെയ്യുമെന്ന് സി പി എം കരുതുന്നു. ക്രൈസ്തവ സഭ നേതൃത്വത്തിൽ തോമസിനുള്ള സ്വാധീനവും പാർട്ടി നേതൃത്വം പരിഗണിക്കുന്നുണ്ട്. വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ കെ.വി തോമസിനെതിരെ കോൺഗ്രസ് കടുത്ത നടപടി സ്വീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പങ്കെടുത്താൽ പാർട്ടിക്ക് പുറത്താകുമെന്ന മുന്നറിയിപ്പും കെ പിസിസി നേതൃത്വം മുന്നറിയിപ്പും നൽകി കഴിഞ്ഞു. വിഷയത്തിൽ കെ വി തോമസ് ഇന്ന് നിലപാട് വ്യക്തമാക്കും
Adjust Story Font
16