Quantcast

'കൈ' വിട്ട് കണ്ണൂരിലേക്ക്: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ്

'മാര്‍ച്ചിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാൻ പോകുന്നത്'

MediaOne Logo

Web Desk

  • Updated:

    2022-04-07 06:05:07.0

Published:

7 April 2022 5:46 AM GMT

കൈ വിട്ട് കണ്ണൂരിലേക്ക്: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ്
X

എറണാകുളം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ്. എറണാകുളത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാർത്താസമ്മേളനമെന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

മാര്‍ച്ചിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാൻ പോകുന്നത്. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു'– കെ.വി തോമസ് പറഞ്ഞു. താൻ നൂലിൽ കെട്ടി വന്നവനല്ല, രാജ്യസഭാ സീറ്റിലും പരിഗണിച്ചില്ല. 2019ലും സീറ്റ് നിഷേധിച്ചുവെന്നും കെ.വി തോമസ് വ്യക്തമാക്കി.

'ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് താന്‍ അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ്. സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി പാര്‍ട്ടി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയ്‌ക്കെതിരായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരോടും അന്നും ഇന്നും സീറ്റ് ചോദിച്ച് കടുംപിടുത്തമുണ്ടായിട്ടില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാൻ ജന്മം കൊണ്ട് കോൺ​ഗ്രസുകാരനാണ്. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണ് ഞാൻ. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചു. എന്നിട്ടും ഒന്നര വർഷം ഞാൻ കാത്തിരുന്നു. പാർലമെന്റിൽ പോകാനല്ല, അർഹമായ പരി​ഗണന പാർട്ടി എനിക്ക് തരും എന്ന് ഞാൻ കരുതി. ഏഴ് വട്ടം ജയിച്ചത് എൻ്റെ തെറ്റല്ല. പിന്നെ തോൽക്കുന്നതാണോ തെറ്റ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ തോറ്റെന്ന പേരിലാണ് ചിലർക്ക് ആ സീറ്റ് നിഷേധിച്ചത്. പിന്നീട് കെപിസിസി വ‍ർക്കിം​ഗ് പ്രസിഡൻ്റാക്കി. നാല് മാസം കൊണ്ട് എന്നെ മാറ്റി. പിന്നീട് എനിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടന്നത്'- കെ.വി തോമസ് പറഞ്ഞു.

സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. സെമിനാറില്‍ പങ്കെടുക്കരുതെന്ന് ഹൈക്കമാന്‍ഡ് കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് പങ്കെടുക്കാനുള്ള തീരുമാനം. പാര്‍ട്ടി തീരുമാനം ലംഘിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കും സ്ഥാനമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും അറിയിച്ചിരുന്നു.

TAGS :

Next Story