കോഴിക്കോട് വിമാനത്താവള റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ; സർവേ പൂർത്തിയായി
നിലവിൽ തീരുമാനിച്ച നഷ്ടപരിഹാര തുക ഉയർത്തണമെന്നാണ് ഭൂമി നഷ്ടപ്പെടുന്നവരുടെ ആവശ്യം
മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ പൂർത്തിയായി. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തി നിശ്ചയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
നെടിയിരുപ്പ് വില്ലേജിൽ ഉൾപ്പെട്ട ഏഴര ഏക്കർ ഭൂമിയും പള്ളിക്കൽ വില്ലേജിൽ നിന്നും ഏഴ് ഏക്കർ ഭൂമിയുമാണ് റൺവേ നവീകരണത്തിനായി വേണ്ടത്. ഡിജിറ്റൽ സർവേയിലൂടെയാണ് ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിശ്ചയിച്ചത്. വീടുകൾ നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് നൽകുക. കൃഷി വിളകളുടെ നഷ്ടം കൃഷി വകുപ്പും മരങ്ങളുടെ വില വനം വകുപ്പും ഭൂമിയുടെ വില റവന്യൂ വകുപ്പും കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും കണക്കാക്കും. ഇത് ക്രോഡീകരിച്ച ശേഷം ഓരോ കുടുംബങ്ങൾക്കും ലഭിക്കുന്ന നഷ്ടപരിഹാര തുക എത്രയാണെന്ന് അറിയിക്കും.
നിലവിൽ തീരുമാനിച്ച നഷ്ടപരിഹാര തുക ഉയർത്തണമെന്നാണ് ഭൂമി നഷ്ടപ്പെടുന്നവരുടെ ആവശ്യം. ഭൂമി ഏറ്റെടുക്കുന്നതോടെ വഴി നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ബദൽ യാത്ര സൗകര്യം ഒരുക്കണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തി. നഷ്ടപരിഹാരം തീരുമാനിച്ചാൽ ഉടൻ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറും. ഭൂമി ലഭിച്ചാൽ ഉടൻ റൺവേ നവീകരണം ആരംഭിക്കും.
Land acquisition survey for runway development of Calicut airport completed
Adjust Story Font
16