Quantcast

'ഏകസിവിൽകോഡ് ഏകപക്ഷീയമായി നടപ്പാക്കരുത്'; ലോ കമ്മീഷന് ലത്തീൻ സഭയുടെ കത്ത്

കേന്ദ്രം കൊണ്ടുവരുന്ന ഏകസിവിൽകോഡ് മതസ്വാതന്ത്ര്യത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും കത്തിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-07-14 05:31:32.0

Published:

14 July 2023 5:22 AM GMT

Latin Church wrote to the Law Commission asking it not to implement the Uniform Civil Code unilaterally.
X

കൊച്ചി: ഏകീകൃത സിവിൽകോഡ് ഏകപക്ഷീയമായി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ലോ കമ്മീഷന് ലത്തീൻ സഭ കത്തയച്ചു. ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിൽ അഭിപ്രായ സമന്വയം അനിവാര്യമാണെന്നും ലത്തീൻ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ലോ കമ്മീഷന് എഴുതിയ കത്തിൽ അഭിപ്രായപ്പെട്ടു.

ഭരണഘടന രൂപപ്പെടുന്ന ഘട്ടത്തിലും ഏകീകൃത നിയമം ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അഭിപ്രായ സമന്വയം രൂപപ്പെടുന്നില്ലെങ്കിൽ വ്യക്തിനിയമങ്ങളിലെ നീതിപൂർവകമായ വൈവിധ്യം നിലനിൽക്കാൻ അനുവദിക്കുകയാണ് ഉചിതമെന്നും അതേസമയം ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ വ്യക്തിനിയമങ്ങൾ ഹനിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണെന്ന ലോ കമ്മീഷന്റെ നിർദ്ദേശം ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമാണ്. ഓരോ സമൂഹത്തിലും സ്ത്രീ പുരുഷന്മാർക്കിടയിലെ സമത്വം പരിഗണിക്കപ്പെടേണ്ടതുണ്ട്. ഏതെങ്കിലും വിധത്തിലുള്ള വിവേചനം അംഗീകരിക്കപ്പെടാനാവില്ല.

ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ നിർദ്ദേശിക്കപ്പെടുന്നുവെങ്കിലും പൊതുവായ അപ്രായോഗികതയും അസ്വീകാര്യതതയും മൂലമാണ് ഇത് നടപ്പാക്കാൻ കഴിയാതിരുന്നത്. കുടുംബനിയമ നവീകരണങ്ങളെ സംബന്ധിച്ച ഇരുപത്തൊന്നാമത് ലോ കമ്മീഷന്റെ റിപ്പോർട്ടിൽ ഈ ഘട്ടത്തിൽ ഏകീകൃത സിവിൽ കോഡ് അത്യാവശ്യമുള്ളതോ ഉചിതമായതോ അല്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ലോ കമ്മീഷൻ ഏകീകൃത സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കിയിട്ടില്ലാത്തതിനാൽ ഇതു സംബന്ധിച്ചുള്ള അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പരിമിതിയുണ്ട്.

കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്ന പൊതുനിയമം ഭരണഘടന ഉറപ്പുനൽകിയിരിക്കുന്ന മതസ്വാതന്ത്ര്യത്തെ ഏതുവിധത്തിലാണ് ബാധിക്കുകയെന്ന് വ്യക്തമല്ല. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി തന്നെ കത്തോലിക്ക സഭയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അനുവർത്തിക്കുന്ന ആചാരങ്ങളും നടപടികളും നിലനിർത്തേണ്ടത് വിശ്വാസപരമായ ബാധ്യതയാണ്. മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തും തുറന്ന ചർച്ചകളിലൂടെയും ഏകീകൃത സിവിൽ കോഡിനെപ്പറ്റി അഭിപ്രായ സമന്വയത്തിലെത്തണം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യങ്ങളും വിവിധ മതസമൂഹങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യവും യാതൊരുവിധത്തിലും ഹനിക്കപ്പെടരുത്.

മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തും തുറന്ന ചർച്ചകളിലൂടെയും ഏകീകൃത സിവിൽ കോഡിനെപ്പറ്റി അഭിപ്രായ സമന്വയത്തിലെത്തണം. ഏകപക്ഷീയമായി ഇത് നടപ്പാക്കാൻ ശ്രമിക്കുന്നത് അപകടകരമായി മാറുമെന്നും കത്തിൽ പറഞ്ഞു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരാണ് ലോ കമ്മീഷന് കെആർഎൽസിസിയുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് കത്തെഴുതിയത്. കെആർഎൽസിസിയുടെ കാനോൻ നിയമകാര്യ കമ്മീഷനുവേണ്ടി പ്രസിഡന്റ് ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയും സെക്രട്ടറി ഫാ. എബിജിൻ അറക്കലും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.



Latin Church wrote to the Law Commission asking it not to implement the Uniform Civil Code unilaterally.

TAGS :

Next Story