Quantcast

കാരണം പറയാതെ അജിത് കുമാറിനെതിരായ നടപടിയുടെ ഉത്തരവ്; ഇൻ്റലിജൻസ് ചുമതലയില്‍ മാറ്റം

പുതിയ ഇൻ്റലിജൻസ് മേധാവിയെ ഉടൻ തീരുമാനിക്കും

MediaOne Logo

Web Desk

  • Updated:

    2024-10-06 17:43:02.0

Published:

6 Oct 2024 5:03 PM GMT

കാരണം പറയാതെ അജിത് കുമാറിനെതിരായ നടപടിയുടെ ഉത്തരവ്; ഇൻ്റലിജൻസ് ചുമതലയില്‍ മാറ്റം
X

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. നിലവിലെ ഇൻ്റലിജൻസ് മേധാവിയായിരുന്നു മനോജ് എബ്ര​ഹാം. ഇതോടെ ഇൻ്റലിജൻസ് ചുമതലയിലും മാറ്റമുണ്ടാവും. രണ്ടു ചുമതലകളും ഒരുമിച്ച് കൊണ്ടുപോവാൻ സാധിക്കില്ലാത്തതിനാലാണ് മാറ്റം. പുതിയ ഇൻ്റലിജൻസ് മേധാവിയെ ഉടൻ തീരുമാനിക്കും.

അജിത് കുമാറിനെതിരായ സ്ഥാനമാറ്റനടപടിയുടെ ഉത്തരവ് പുറത്തിറങ്ങി. എന്നാൽ നടപടിയുടെ കാരണം വ്യക്തമാക്കാതെയാണ് ഉത്തരവിറക്കിയത്. അതീവ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് രാത്രി വൈകി നടപടി വന്നത്.

അടുത്ത വർഷം ആദ്യത്തോടെ ഡിജിപി റാങ്കിലെത്തുന്ന ഉ​ദ്യോ​ഗസ്ഥനാണ് മനോജ് എബ്രഹാം. പിന്നാലെ തന്നെ അജിത് കുമാറും ഡിജിപി റാങ്കിലേക്ക് എത്തേണ്ടതാണ്. നിലവിലെ സ്ഥാനമാറ്റ നടപടിയിലൂടെ അജിത് കുമാറിന് ഈ പട്ടികയിലേക്ക് എത്താനുള്ള സാധ്യതയ്ക്ക് യാതൊരു കോട്ടവും തട്ടുന്നില്ല. അതിനാൽ കടുത്ത നടപടിയല്ല അജിത് കുമാറിന് സർക്കാർ നൽകിയിരിക്കുന്നത്.

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവിലാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി നടപടി ഒതുക്കുകയാണ് ചെയ്തത്. അതേസമയം, സായുധ ബറ്റാലിയന്‍റെ ചുമതലയില്‍ അദ്ദേഹം തുടരും. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്‍റെ റിപ്പോർട്ടിനു പിന്നാലെയാണു നടപടി.

ഇന്നു രാവിലെയാണ് എഡിജിപി അജിത് കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും കെ.കെ രാഗേഷും ക്ലിഫ് ഹൗസിലെത്തി. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.

TAGS :

Next Story