സരിന് വൻ വരവേൽപ്പുമായി പ്രവർത്തകർ; ശക്തിപ്രകടനമായി പാലക്കാട്ട് എൽഡിഎഫ് റോഡ് ഷോ
വിക്ടോറിയ കോളജ് പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ കോട്ടമൈതാനിയിലാണ് സമാപിക്കുക.
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി. സരിന് വൻ വരവേൽപ്പൊരുക്കി പാലക്കാട്ടെ പ്രവർത്തകർ. മണ്ഡലത്തിലെത്തിയ സരിന് വൻ സ്വീകരണമാണ് എൽഡിഎഫ് ഒരുക്കിയത്. മണ്ഡലത്തിൽ പി. സരിന്റെ റോഡ് ഷോ പുരോഗമിക്കുകയാണ്. പാർട്ടി പ്രവർത്തകരുടെ വലിയ പങ്കാളിത്തമാണ് റോഡ് ഷോയിലുള്ളത്. വിക്ടോറിയ കോളജ് പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ കോട്ടമൈതാനിയിലാണ് സമാപിക്കുക. സിപിഎം- ഡിവൈഎഫ്ഐ നേതാക്കളും സരിനൊപ്പമുണ്ട്.
കോൺഗ്രസ് നേതാവായിരുന്ന സരിൻ വളരെ പെട്ടെന്നാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ കുപ്പായമണിയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചതോടെ സരിൻ ഇടയുകയും എതിർപ്പറിയിക്കുകയും നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തുകയുമായിരുന്നു. തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതോടെ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സരിൻ അറിയിക്കുകയും ചെയ്തു.
സരിൻ സ്ഥാനാർഥിയായി എത്തിയാൽ അത് ഗുണം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നു. സരിന് സമ്മതമാണെങ്കിൽ അംഗീകരിക്കുമെന്ന് സിപിഎം അറിയിക്കുകയും തുടർന്ന് ഇന്നലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ അദ്ദേഹത്തെ പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഇതിനു പിന്നാലെ, ഇന്ന് രാവിലെ മുതൽ സരിൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ജില്ലയിലെ പ്രമുഖരെയും മുതിർന്ന രാഷ്ട്രീയനേതാക്കളേയും സന്ദർശിച്ചായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് റോഡ് ഷോയിലൂടെ സരിന് വലിയ സ്വീകരണം ഒരുക്കാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു.
സ്ഥാനാർഥി നിർണയത്തിലുണ്ടായ ചെറിയ കാലതാമസം കൊണ്ടുണ്ടായ ക്ഷീണം ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം ശക്തമാക്കി മറികടക്കാനാണ് ഇടതുക്യാംപ് ഒരുങ്ങുന്നത്. നാളെ മുതൽ വോട്ടർമാരെ നേരിട്ടുകണ്ടുള്ള പ്രചാരണത്തിലേക്ക് ഇറങ്ങാനാണ് സരിന്റെയും ഇടതുമുന്നണിയുടേയും തീരുമാനം. കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനും സമാനമായ സ്വീകരണമാണ് പാലക്കാട്ടെ പാർട്ടി പ്രവർത്തകരും മുന്നണിയും നൽകിയത്. തുടർന്ന് വലിയ റോഡ് ഷോയും നടത്തിയിരുന്നു.
Adjust Story Font
16