'തോമസ് ഐസക്കിനെ അധിക്ഷേപിച്ചു'; ആന്റോ ആന്റണിക്കെതിരെ എൽഡിഎഫിന്റെ പരാതി
പത്തനംതിട്ടയിൽ വ്യാപകമായി കള്ളവോട്ടുകൾ നടത്താൻ എൽഡിഎഫ് ശ്രമം നടത്തുന്നുവെന്ന് നേരത്തേ യുഡിഎഫ് ആരോപിച്ചിരുന്നു
പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിനെതിരെ ആന്റോ ആന്റണി വ്യക്തി അധിക്ഷേപം നടത്തിയെന്ന് കാട്ടി എൽഡിഎഫിന്റെ പരാതി. 144 പ്രഖ്യാപിച്ചിരിക്കെ കലക്ടറേറ്റിൽ കൂട്ടം ചേർന്നതിനും ആന്റോ ആന്റണിക്കെതിരെ നടപടി വേണമെന്ന് എൽഡിഎഫ് കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
മൂന്ന് പരാതികളാണ് എൽഡിഎഫ് കലക്ടർക്ക് നൽകിയിരിക്കുന്നത്. പോളിങ് ഓഫീസർമാരുടെ പട്ടിക ചോർന്നതുമായി ബന്ധപ്പെട്ടാണ് ഒരു പരാതി. ഈ വിഷയത്തിൽ ആന്റോ ആന്റണിയും മറ്റ് യുഡിഎഫ് നേതാക്കളും നടത്തിയ ഉപരോധവുമായി ബന്ധപ്പെട്ടാണ് മറ്റൊരു പരാതി. മൂന്നാമത്തെ പരാതിയിലാണ് മാനനഷ്ടവും വ്യക്തിഹത്യയും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പത്തനംതിട്ടയിൽ വ്യാപകമായി കള്ളവോട്ടുകൾ നടത്താൻ എൽഡിഎഫ് ശ്രമം നടത്തുന്നുവെന്ന് നേരത്തേ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനായി പത്തനംതിട്ടയിലെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയുടെ ഹോട്ടലിൽ വെച്ച് 350 പേർക്ക് പരിശീലനം നൽകി, ഒരു ലക്ഷത്തോളം വ്യാജ രേഖകൾ ഉണ്ടാക്കി എന്നതൊക്കെയായിരുന്നു ആരോപണം. ഇത് സ്ഥാനാർഥിക്ക് നേരെയുള്ള വ്യക്തിപരമായ അധിക്ഷേപമെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിന്റെ പരാതി. ജെനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സംഘം ചേർന്നെന്നാണ് യുഡിഎഫ് പറഞ്ഞത്. ഇതിന്റെ പേരിലാണ് എംഎൽഎയുടെ മാനനഷ്ട കേസ്.
എല്ലാ പരാതികളിലും നടപടിയുണ്ടാകുമെന്ന് കലക്ടർ ഉറപ്പ് നൽകിയതായാണ് എൽഡിഎഫ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16