ജമാഅത്തെ ഇസ്‌ലാമി ലീഗിനെക്കൊണ്ട് കയ്പ്പുള്ള കഷായം കുടിപ്പിച്ചു; ലീഗ് മുസ്‌ലിം ഏകീകരണത്തിന് ശ്രമിക്കുന്നു: പി. ജയരാജൻ
ജമാഅത്ത്, പിഡിപി പിന്തുണ സ്വീകരിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ ജയരാജൻ തയ്യാറായില്ല. എല്ലാ വർഗീയതയേയും എതിർക്കുന്ന നിലപാടാണ് ഇപ്പോഴുള്ളത് എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി.
വയനാട്: ലീഗ് മുസ്‌ലിം ഏകീകരണത്തിന് ശ്രമിക്കുകയാണെന്ന് പി. ജയരാജൻ. ദൈവിക രാഷ്ട്രം സ്ഥാപിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. ആർഎസ്എസ് ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ശ്രമിക്കുന്നു. കൈവെട്ട് കേസുണ്ടായപ്പോൾ ലീഗ് കോട്ടക്കലിൽ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിരുന്നു. അതിൽ ജമാഅത്തിനെ പങ്കെടുപ്പിച്ചിരുന്നില്ല. തുടർന്ന് 'മാധ്യമം' പത്രത്തിൽ ലീഗിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചു. കോട്ടക്കൽ കഷായം എന്നാണ് ലീഗ് വിളിച്ച യോഗത്തെ 'മാധ്യമം' പരിഹസിച്ചത്.
എന്നാൽ കയ്പ്പുള്ള ആ കഷായം ജമാഅത്തെ ഇസ്‌ലാമി ലീഗിനെക്കൊണ്ട് കുടിപ്പിച്ചു. ചെറിയ കുട്ടികളെ കയിലിന്റെ കണ വായിൽവെച്ച് തുറപ്പിച്ചാണ് കയ്പ്പുള്ള കഷായം കുടിപ്പിക്കുന്നത്. അതുപോലെയാണ് ജമാഅത്ത് ലീഗിനെക്കൊണ്ട് കഷായം കുടിപ്പിച്ചതെന്നും ജയരാജൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ പല കൂട്ടുകെട്ടുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ആർഎസ്എസ് ഹിന്ദു ഏകീകരണത്തിന് ശ്രമിക്കുമ്പോൾ ലീഗും ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ഏകീകരണത്തിനാണ് ശ്രമിക്കുന്നത്. അത് കേരളത്തിന് യോജിച്ചതാണോ എന്നാണ് ചർച്ച ചെയ്യേണ്ടത്. അതേസമയം നേരത്തെ ജമാഅത്ത്, പിഡിപി പിന്തുണ സ്വീകരിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ ജയരാജൻ തയ്യാറായില്ല. എല്ലാ വർഗീയതയേയും എതിർക്കുന്ന നിലപാടാണ് ഇപ്പോഴുള്ളത് എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് ജയരാജന്റെ മറുപടി.
Adjust Story Font
16