'ഷാനിബിനൊപ്പം പാർട്ടി വിടുന്നു'; പാലക്കാട്ടെ യൂത്ത് കോൺഗ്രസ് നേതാവും രാജിവെച്ചു
യൂത്ത് കോൺഗ്രസ് നേതാവ് പി.ജി വിമലാണ് രാജിവെച്ചത്
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പൊട്ടിത്തെറി രൂപപ്പെട്ട പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും രാജി. യൂത്ത് കോൺഗ്രസ് നേതാവ് പി.ജി വിമലാണ് രാജിവെച്ചത്. ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ച വിമൽ ഷാനിബിനൊപ്പം പാർട്ടി വിടുകയാണെന്നും സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റായിരുന്നു വിമൽ മറ്റു രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം എടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദ്ധീനും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ മേൽ സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കാനാകില്ലെന്നും പാർട്ടിയിൽ നിന്ന് പോകുന്നവർ ഉന്നയിക്കുന്ന കാതലായ വിഷയങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും ശിഹാബുദ്ധീൻ വിമർശിച്ചു.
നേരത്തെ കോൺഗ്രസിനും നേതൃത്വത്തിനുമെതിരെ ആരോപണമുന്നയിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് ഡിസിസി നടപടി. പുറത്താക്കിയ വിവരം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
Adjust Story Font
16