റദ്ദാക്കിയ വൈദ്യുതി കരാർ പുനസ്ഥാപിക്കുന്നതിൽ കെ.എസ്.ഇ.ബിക്ക് മുന്നിൽ നിയമക്കുരുക്ക്
കരാര്‍ റദ്ദാക്കിയതിനെതിരെ കെ.എസ്.ഇ.ബി സമര്‍പ്പിച്ച ഹരജി അപലെറ്റ് ട്രിബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ ഏകപക്ഷീയമായി റഗുലേറ്ററി കമ്മീഷന് തീരുമാനമെടുക്കാനാകില്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനസ്ഥാപിക്കുന്നതില്‍ നിയമക്കുരുക്ക്. കരാര്‍ റദ്ദാക്കിയതിനെതിരെ കെ.എസ്.ഇ.ബി സമര്‍പ്പിച്ച ഹരജി അപലെറ്റ് ട്രിബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ ഏകപക്ഷീയമായി റഗുലേറ്ററി കമ്മീഷന് തീരുമാനമെടുക്കാനാകില്ലെന്ന് നിയമോപദേശം ലഭിച്ചു. ഹരജി തീര്‍പ്പാക്കുന്ന മുറക്കേ ഇനി കരാര്‍ പുനസ്ഥാപിക്കാനാകൂ.
465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയതിനെതിരെ കെഎസ്ഇബി അപലെറ്റ് ട്രിബ്യൂണലിനെ സമീപിച്ചതാണ് കുരുക്കായത്. റഗുലേറ്ററി കമ്മീഷന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരില്‍ നിന്ന് ലഭിച്ച നിയമോപദേശപ്രകാരം അപലെറ്റ് ട്രിബ്യൂണലിലെ ഹരജി തീര്‍പ്പാക്കിയാലേ കരാര്‍ പുനസ്ഥാപിക്കുന്നതില്‍ കമ്മീഷന് തീരുമാനമെടുക്കാനാകൂ.
കരാര്‍ പുനസ്ഥാപിക്കണമെന്ന് മന്ത്രിസഭ യോഗം വൈദ്യുതി നിയമം 108ാം വകുപ്പ് പ്രകാരം റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയുടെ ഹരജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോള്‍ മന്ത്രിസഭാ തീരുമാനം ട്രിബ്യൂണലിനെ അറിയിക്കും.
ടെണ്ടര്‍ നടപടികളിലെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാര്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത്. അതേസമയം അടുത്ത നാല് വര്‍ഷത്തേക്കുള്ള വൈദ്യുതി താരിഫ് പ്രഖ്യാപിക്കുന്നത് കമ്മീഷന് വീണ്ടും നീട്ടിയേക്കും. പഴയ താരിഫിന്റെ കാലാവധി നാളെയാണ് അവസാനിക്കുന്നത്.
Watch Video Report
Adjust Story Font
16