കത്ത് വിവാദം; മേയർക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി
ഹരജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു
കൊച്ചി: കത്ത് വിവാദത്തിൽ മേയർക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. കോർപ്പറേഷൻ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം.
ജോലി മറിച്ചുനൽകാൻ ശ്രമിച്ച മേയർ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹരജിയിലുണ്ട്. മേയറുടെ കത്തിനൊപ്പം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കത്ത് വിവാദത്തിൽ മേയർ ആര്യാരാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. കോർപ്പറേഷനിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റി. കോർപ്പറേഷൻ കവാടത്തിൽ പ്രതിഷേധം തുടരുകയാണ്.
അതേസമയം, മേയർ രാജിവെക്കില്ലെന്നാവർത്തിച്ച് സിപിഎം. ക്രൈംബ്രാഞ്ചിന് ഉടൻ മൊഴി നൽകുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.മൊഴിയെടുക്കാൻ സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16