തൃശൂര്‍ കോര്‍പ്പറേഷനിലും കത്ത് വിവാദം; ജോലി നല്‍കണമെന്ന മേയറുടെ കുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷം
അതേസമയം നടപടി താല്‍ക്കാലികമാണെന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന ആളുകൾ എത്തുമ്പോൾ ഇവരെ മാറ്റുമെന്നുമാണ് മേയര്‍ എം.കെ വര്‍ഗീസിന്‍റെ വിശദീകരണം
തൃശൂര്‍: തിരുവനന്തപുരം നഗരസഭയ്ക്ക് പിന്നാലെ തൃശൂര്‍ കോര്‍പ്പറേഷനിലും കത്ത് വിവാദം. താല്‍ക്കാലിക നിയമനം അഭ്യർത്ഥിച്ച് എഴുതിയ അപേക്ഷയും പേപ്പറിൽ ജോലി നല്‍കണമെന്ന മേയറുടെ കുറിപ്പും ഒപ്പുമാണ് പ്രതിപക്ഷം പുറത്തു കൊണ്ടുവന്നത്. അതേസമയം നടപടി താല്‍ക്കാലികമാണെന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന ആളുകൾ എത്തുമ്പോൾ ഇവരെ മാറ്റുമെന്നുമാണ് മേയര്‍ എം.കെ വര്‍ഗീസിന്‍റെ വിശദീകരണം.
സെപ്തംബര്‍ ഒന്നിന് താത്ക്കാലിക ഡ്രൈവർ തസ്തികയിൽ ജോലി വേണമെന്ന് വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയാണ് മേയർക്ക് ലഭിച്ചത്. കത്തെഴുതിയ അപേക്ഷകന് ജോലി നല്‍കണമെന്ന് മേയര്‍ ഒപ്പും സ്വന്തം കൈപ്പടയിൽ കുറിപ്പും നൽകി. തത്കാലികമായി ജോലിക്ക് കയറിയ ഡ്രൈവർക്ക് ശമ്പളം നൽകണമെന്ന അജണ്ട കൗൺസിൽ യോഗത്തിൽ വന്നപ്പോഴാണ് നിയമനം സംബന്ധിച്ച വിവരം പുറത്തറിയുന്നത്. സി.പി.എം നിര്‍ദേശപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ മേയർ ചട്ടങ്ങൾ മറികടന്നു അംഗീകരിച്ചുകൊടുക്കുന്നുവെന്നാണ് ആക്ഷേപം.
Adjust Story Font
16