ബെവ്കോ ഔട്ട്‍ലെറ്റുകളില്‍ ഇന്നു മുതല്‍ മദ്യം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടു ഔട്ട്ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
മദ്യത്തിന് ഓണ്‍ലൈനായി പണമടക്കാനുള്ള സംവിധാനം തുടങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ഓൺലൈൻ ബുക്കിങ് തുടങ്ങുമെന്ന് ബെവ്കോ അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടു ഔട്ട്ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്കു കുറക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ രീതി. booking.ksbc.co.inഎന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിംഗ് നടത്താം. ഇതിന് ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി ഒ.റ്റി.പി വെച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അതിനു ശേഷം പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇ-മെയിൽ ഐഡിയും ജനനത്തീയതിയും പാസ് വേഡും നൽകണം.
ഇത് നൽകിയ ശേഷം ആപ്ളിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും. ആവശ്യമുള്ളത് തിരഞ്ഞെടുത്ത് പണമടച്ച ശേഷം ഔട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങാവുന്നതാണ്. പരീക്ഷിച്ച് വിജയിച്ചാല്‍ എല്ലാ ഔട്ട്‍ലെറ്റുകളിലും സംവിധാനം നടപ്പിലാക്കും.
Adjust Story Font
16