Quantcast

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ്: സ്റ്റുഡിയോകളും തുണിക്കടകളും തുറക്കാം

കോവിഡ് വാക്സിനെടുത്ത ജീവനക്കാരെ ഉപയോഗിച്ച് കടകള്‍ തുറക്കാനാണ് അനുമതി

MediaOne Logo

Web Desk

  • Updated:

    2021-07-27 16:41:53.0

Published:

27 July 2021 3:20 PM GMT

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ്: സ്റ്റുഡിയോകളും തുണിക്കടകളും തുറക്കാം
X

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ. വാക്സിനേറ്റ് ചെയ്ത ജീവനക്കാരെ ഉപയോഗിച്ച് തുണിക്കടകൾ തുറക്കാം. ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകള്‍ തുറക്കാനും അനുമതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാലാണ് സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത്. വൊക്കേഷണല്‍ പരിശീലന സ്ഥാപനങ്ങള്‍ പഠിതാക്കളെ കൊണ്ടുവരാതെ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്സിന്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധാഫലം കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകള്‍ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തില്‍ വാക്സിന്‍ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്സിന്‍ നല്‍കാനാകണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.



TAGS :

Next Story