ലോകായുക്ത ഓര്‍ഡിനന്‍സ്; ഒപ്പ് വെയ്ക്കരുതെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഗവര്‍ണര്‍ക്ക് കത്തു നല്‍കി
നിയമത്തിന്‍റെ 14-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ ലോകായുക്ത നിയമം തന്നെ അപ്രസക്തമായി തീരും
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വെയ്ക്കരുതെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഗവര്‍ണര്‍ക്ക് കത്തു നല്‍കി. അഴിമതിയെ ശക്തമായി പ്രതിരോധിക്കുക എന്ന സദുദ്ദേശത്തോടെയാണ് നിയമസഭ ലോകായുക്ത നിയമം പാസ്സാക്കിയത്. നിയമത്തിന്‍റെ 14-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ ലോകായുക്ത നിയമം തന്നെ അപ്രസക്തമായി തീരുമെന്ന് എം പി കത്തിൽ പറയുന്നു.
ലോകായുക്ത ഓർഡിനൻസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രമേശ് ചെന്നിത്തലയും പ്രതിപക്ഷ നോതാവ് വിഡി സതീശനും രംഗത്തു വന്നിരുന്നു. ലോകായുക്ത ഓർഡിനൻസിൽ രാഷ്ട്രീയ ആലോചനകൾ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടു വന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി. ബില്ലായി അവതരിപ്പിച്ചിരുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സർക്കാർ ലോകായുക്തയുടെ പല്ല് കൊഴിച്ചെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. എന്നാൽ ഓർഡിനൻസിന്റെ കാര്യം തന്നെ അറിയിച്ചില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിട്ടുണ്ടെന്നും അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Adjust Story Font
16