എം ശിവശങ്കർ ഐ.എ.എസ് സർവീസിൽ തിരിച്ചെത്തി
തസ്തിക സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനമെടുക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഐ.എ.എസ് സർവീസിൽ തിരികെ പ്രവേശിച്ചു. തസ്തിക സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ സസ്പെന്‍ഷനിലായിരുന്നു.
2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ചൊവ്വാഴ്ചയാണ് ശിവശങ്കറിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്‌പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സ്മെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽവാസം അനുഭവിച്ചു.
ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ക്കടത്ത് കേസാണ്. ഈ കേസിന്‍റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെത്. എന്നാല്‍ കസ്റ്റംസില്‍ നിന്ന് പ്രതികരണമുണ്ടായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശിപാര്‍ശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. 2023 ജനുവരി വരെയാണ് ശിവശങ്കറിന്‍റെ സർവീസ് കാലാവധി.
Adjust Story Font
16