ലൈഫ് മിഷൻ കേസ്; എം.ശിവശങ്കർ ഇന്ന് ജയിൽ മോചിതനാകും
വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസിലാണ് മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് സുപ്രിംകോടതി ശിവശങ്കറിന് ജാമ്യം നൽകിയത്
എം.ശിവശങ്കര്‍
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഇന്ന് ജയിൽ മോചിതനാകും. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസിലാണ് മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് സുപ്രിംകോടതി ശിവശങ്കറിന് ജാമ്യം നൽകിയത്.
ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 14ആണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. പത്ത് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ ആദ്യം അറസ്റ്റ് ചെയ്തതും ശിവശങ്കറിനെ തന്നെ. പിന്നീട് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരാഴ്ചക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. കേസിൽ ജാമ്യം തേടി പല തവണയാണ് ശിവശങ്കർ നിയമപോരാട്ടം നടത്തിയത്.
പ്രധാന പ്രതികളെല്ലാം പുറത്ത് കഴിയുമ്പോൾ ശിവശങ്കറിനെ മാത്രം ജയിലിൽ അടച്ചത് പലതവണ ചർച്ചകൾക്ക് വിധേയമായിരുന്നു. ശിവശങ്കറിന്‍റെ ജാമ്യം തള്ളിയ ഉത്തരവിൽ സ്വപ്നയെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. പിഎംഎല്‍എ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിന് ശേഷമാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശിവശങ്കർ സുപ്രിംകോടതിയെ സമീപിക്കുന്നത്. എന്നാൽ ശിവശങ്കറിന്‍റെ മെഡിക്കൽ റിപ്പോർട്ടിൽ ഉൾപ്പെടെ സുപ്രിംകോടതിയിലും ഇഡി സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ കളമശ്ശേരി,കോട്ടയം മെഡിക്കൽ കോളജുകളിലെ ഡിപ്പാർട്ട്മെന്‍റ് തലവന്മാർ നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ ശിവശങ്കറിന്‍റെ ആരോഗ്യാവസ്ഥ വ്യക്തമാക്കുന്നുണ്ട്. ശിവശങ്കറിന്‍റെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ജയിലിൽ കഴിഞ്ഞ കാലത്ത് ആറ് പ്രാവശ്യം എംആര്‍ഐ സ്കാനിന് ശിവശങ്കർ വിധേയനായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇത് പരിഗണിച്ചാണ് ശിവശങ്കറിന് സുപ്രിംകോടതി ഇടക്കാല ജാമ്യം നൽകിയത്. കേസിന്റെ വിചാരണ നടപടിയുടെ ഭാഗമായി ഈ മാസം 24ന് എല്ലാ പ്രതികളോടും പിഎംഎല്‍എ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിൽ കൂടിയാണ് ശിവശങ്കർ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങുന്നത്.
Adjust Story Font
16