തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കോടതി വിധി തെറ്റായ കീഴ്‍വഴക്കങ്ങൾ സൃഷ്ടിക്കുമെന്ന് എം.സ്വരാജ്
ദൈവങ്ങളുടെ ചിത്രം അച്ചടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാലും കുഴപ്പമില്ലെന്ന സ്ഥിതിവരുമെന്ന് സ്വരാജ് പറഞ്ഞു.
കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ വിധി വിചിത്രമെന്ന് എം.സ്വരാജ്. കേസ് ജയിച്ച് നിയമസഭാംഗമാവുക എന്നതല്ല ലക്ഷ്യം. വിധി തെറ്റായ കീഴ്‍വഴക്കങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്കപ്പെടേണ്ടതുണ്ട്. ദൈവങ്ങളുടെ ചിത്രം അച്ചടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാലും കുഴപ്പമില്ലെന്ന സ്ഥിതിവരുമെന്നും സ്വരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കപ്പെട്ടു. അതിനാലാണ് ഹൈക്കോടതിയിൽ പരാതിപ്പെട്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ തന്നെ ഇലക്ഷൻ കമ്മിഷനിൽ പരാതികൾ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ പരാതികൾ പരിശോധിച്ച് നടപടികൾ എടുക്കുകയും ചെയ്തിരുന്നു. പോസ്റ്റർ, ചുവരെഴുത്ത് അടക്കമുള്ളവ നീക്കം ചെയ്തു. അതിന്റെ തുടർച്ച എന്ന നിലയിലാണ് ഹൈക്കോടതിയിൽ പോയത്. എല്ലാ തെളിവുകളും ഹാജരാക്കിയിരുന്നെന്നും സ്വരാജ് പറഞ്ഞു.
ഹൈക്കോടതി വിധി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതല്ല. കേസ് ജയിച്ച് നിയമസാഭാംഗമാവുകയെന്നതല്ല പ്രശ്നം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നഗ്നമായ നിയമലംഘനങ്ങൾ തടയണം. ഹൈക്കോടതി വിധി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഇതിലൂടെ വിശ്വാസികളുടെ വോട്ടുനേടാൻ ദൈവങ്ങളുടെ ചിത്രം അച്ചടിച്ച് പ്രചാരണം നടത്തുന്നതു പോലും സാധൂകരിക്കപ്പെടും. കോടതി വിധി ചോദ്യംചെയ്യപ്പെടേണ്ടതാണ്. പാർട്ടിയുമായും വക്കീലുമായും ആലോചിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
Adjust Story Font
16