Quantcast

'സമസ്ത സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടന'; പുകഴ്ത്തി എം.എ ബേബി

'എക സിവിൽ കോഡില്‍ ലോകമ്മീഷന്റെ നിലപാടാണ് സി.പി.എമ്മിന്. വ്യക്തിനിയമങ്ങളിൽ പരിഷ്‌കാരം വേണം, സ്ത്രീതുല്യത വേണം. എന്നാൽ ഇപ്പോഴത്തെ ആർ.എസ്.എസിന്റെ ഈ പദ്ധതി അംഗീകരിക്കില്ല.'

MediaOne Logo

Web Desk

  • Updated:

    2023-07-04 05:45:06.0

Published:

4 July 2023 3:33 AM GMT

MA Baby on Samastha, MA Baby on Uniform Civil Code, MA Baby
X

എം.എ ബേബി

തിരുവനന്തപുരം: സമസ്തയെ പുകഴ്ത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിൽ സി.പി.എമ്മിന് ലോ കമ്മിഷന്റെ നിലപാടാണ്. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സി.പി.എമ്മിനിട്ടു കുത്തുകയാണെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ബേബി കുറ്റപ്പെടുത്തി.

നല്ല നിലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ടവർ വർഗീയവൽക്കരിക്കപ്പെടാതെ നിർത്തുന്ന പ്രവർത്തനശൈലിയാണ് സമസ്തയുടേത്. വളരെ സമചിത്തതയും പക്വതയുമെല്ലാം പ്രകടിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണെന്നും ബേബി അഭിപ്രായപ്പെട്ടു.

'എക സിവിൽ കോഡ് ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്ന ലോകമ്മീഷന്റെ നിലപാടാണ് സി.പി.എമ്മിന്. വ്യക്തിനിയമങ്ങളിൽ പരിഷ്‌കാരം വേണം, സ്ത്രീതുല്യത വേണം. എന്നാൽ ഇപ്പോഴത്തെ ആർ.എസ്.എസിന്റെ ഈ പദ്ധതി അംഗീകരിക്കില്ല.'

വി.ഡി സതീശൻ തരംതാഴ്ന്നുപോയി. ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ എന്ന പറയാൻ സതീശന് എങ്ങനെ കഴിയുന്നു. ബി.ജെ.പിയുടെ സ്വാധീനത്തിലുള്ള കുറച്ചുപേരെ കിട്ടണമെങ്കിൽ അര ബി.ജെ.പി ആകണമെന്ന് ആരെങ്കിലും സതീശനെ ഉപദേശിച്ചിട്ടുണ്ടാകാം. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് സതീശൻ സി.പി.എമ്മിനിട്ട് കുത്തുകയാണ്. ഏക സിവിൽ കോഡിൽ സതീശന്റെ പാർട്ടി ആദ്യം നിലപാട് രൂപീകരിക്കട്ടെയെന്നും ബേബി പറഞ്ഞു.

എക സിവിൽകോഡിലെ സെമിനാറിൽ ലീഗിനെ ക്ഷണിക്കണമോ എന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. സിവിൽകോഡിന് എതിരായി ശക്തമായി നിലപാട് എടുക്കുന്നവരെ എല്ലാവരേയും പങ്കെടുപ്പിക്കും. പോപ്പുലർ ഫ്രണ്ട് പോലെയുള്ള സംഘടനകളെ ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.

''ബി.ജെ.പിയെ നല്ല രീതിയിൽ കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും പ്രതിരോധിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരേണ്ടിയിരുന്നോ എന്ന് കോൺഗ്രസ് പരിശോധിക്കണം. ലീഗിന്റെ കൊടി പാകിസ്ഥാന്റേതാണെന്നുവരെ പ്രചരിപ്പിച്ചു. ഇതൊക്കൊ കോൺഗ്രസ് ആലോചിക്കണമായിരിന്നു. എവിടെ മത്സരിക്കണമെന്ന് രാഹുൽ ഗൗരവമായി ആലോചിക്കണം. തമിഴ്‌നാട്ടിൽ മത്സരിച്ചാല് സീതാറാം യെച്ചൂരിക്കും രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിക്കാം. കോൺഗ്രസ് നേതാവ് മത്സരിക്കുന്നിടത്ത് പോയി സീതാറാം യെച്ചൂരി സ്ഥാനാർത്ഥിയാകില്ല.''

കൈതോലപ്പായയിലെ പണംകടത്ത് ആരോപണം അസംബന്ധമാണ്. ജി ശക്തിധരൻ വ്യംഗ്യമായാണ് ആരോപണം ഉന്നയിക്കുന്നത്. വിമർശനം ഉന്നയിക്കുമ്പോൾ തല ഉയർത്തിനിന്ന് തുറന്നുപറയണം. അപ്പോൾ മറുപടി പറയാം. ശക്തിധരന്റെ ആരോപണത്തിനു പിന്നിൽ പ്രതിപക്ഷമുണ്ടെന്ന് കരുതുന്നില്ല. ദുർഗന്ധമലീസമായി ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷം കൂട്ടുനിൽക്കുമെന്ന് കരുതുന്നില്ല. പ്രതിപക്ഷം ഇത്രയും തരംതാഴ്ന്നുവെന്ന് പറയുന്നില്ലെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.

Summary: 'An organization that exhibits all equanimity and maturity'; CPM Polit Bureau member M.A. Baby praises Samastha

TAGS :

Next Story