ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി സമർപ്പിച്ച ഹരജി ഇന്ന് സുപ്രിംകോടതിയിൽ
ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനാൽ കടുത്ത ജാമ്യ വ്യവസ്ഥകൾ ഏർപ്പെടുത്തരുതെന്ന് മഅ്ദനി കോടതിയിൽ ആവശ്യപ്പെടും.
ബംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി നൽകിയ ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ സുപ്രിംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മഅദ്‌നി അറിയിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയായിരുന്നു. ക്രിയാറ്റിൻ വർധിച്ചു നിൽക്കുന്നതിനാൽ കിഡ്‌നി മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടും.
സുപ്രിംകോടതി നേരത്തെ മഅ്ദനിക്ക് മൂന്നു മാസം ഇളവ് അനുവദിച്ചിരുന്നു. എന്നാൽ കർണാടക സർക്കാർ സുരക്ഷാ ചെലവായി വൻ തുക ഈടാക്കാൻ തീരുമാനിച്ചതിനാൽ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ വ്യവസ്ഥകൾ ഇളവ് ചെയ്തു. തുടർന്ന് അദ്ദേഹം കേരളത്തിലെത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യാത്ര ചെയ്യാൻ ആരോഗ്യാവസ്ഥ അനുവദിക്കാത്തതിനാൽ മഅ്ദനിക്ക് കൊല്ലത്ത് എത്തി പിതാവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അദ്ദേഹം ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
Adjust Story Font
16