കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെ വിമർശിച്ചതും തെറ്റെന്ന് സർക്കാർ; എൻ.പ്രശാന്തിന് ചാർജ് മെമ്മോ
കൃഷിവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എൻ.പ്രശാന്ത് വകുപ്പിന്റെ ഒരു ഉൽപ്പന്നം ഫേസ്ബുക്കിൽ പങ്കുവെച്ചതും കുറ്റമായിട്ടാണ് ചാർജ് മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
തിരുവനന്തപുരം: കെ.ഗോപാലകൃഷ്ണൻ ഐഎഎസിനെ വിമർശിച്ചതും തെറ്റെന്ന് സർക്കാർ. സസ്പെൻഷനിലുള്ള എൻ.പ്രശാന്ത് ഐഎഎസിന് നൽകിയ ചാർജ് മെമ്മോയിലാണ് സർക്കാർ പരാമർശം. കൃഷിവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എൻ.പ്രശാന്ത് വകുപ്പിന്റെ ഒരു ഉൽപ്പന്നം ഫേസ്ബുക്കിൽ പങ്കുവെച്ചതും കുറ്റമായിട്ടാണ് ചാർജ് മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ആഴ്ചകൾക്ക് മുമ്പ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരിൽ കെ.ഗോപാലകൃഷ്ണനെയും മുതിർന്ന ഉദ്യോഗസ്ഥരെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന്റെ പേരിൽ എൻ.പ്രശാന്തിനെയും. ഇതിൽ കെ.ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി നേരത്തെ ചാർജ് മെമ്മോ നൽകിയിരുന്നു. കഴിഞ്ഞദിവസമാണ് എൻ.പ്രശാന്തിന് കുറ്റാരോപണ മെമ്മോ നൽകിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മുൻ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഉണ്ടാക്കിയെന്നാണ് ചാർജ് മെമ്മോയിൽ പറയുന്ന ഒരു കാര്യം. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ വ്യക്തിപരമായി വിമർശിച്ചതും ഗുരുതരമായ കുറ്റമായി മെമ്മോയിൽ പറയുന്നുണ്ട്. കൃഷിവകുപ്പിൽ ജോലി ചെയ്തിരുന്ന എൻ.പ്രശാന്ത്, കാംകോ പവർ വീഡർ എന്ന ഉത്പന്നത്തിൻ്റെ പരസ്യം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാണ് എന്ന തലക്കെട്ടോടുകൂടിയാണ് ഫേസ്ബുക്കിൽ പ്രശാന്ത് പോസ്റ്റിട്ടത്. ജയതിലകിനും ഗോപാലകൃഷ്ണനും എതിരായി ഇത് വ്യാഖ്യാനിക്കാം എന്ന കണ്ടെത്തലും കുറ്റാരോപണമെമ്മോയിൽ ഉണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിലൂടെ ഭരണസംവിധാനത്തിന്റെ ഇമേജ് നഷ്ടപ്പെട്ടു എന്നാണ് മെമ്മോയിൽ പറയുന്നത്. ഗോപാലകൃഷ്ണനെയും ജയതിലകിനേയും വിമർശിക്കുന്നതിലൂടെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ ഐക്യം നഷ്ടപ്പെടാനും ചേരിതിരിവ് ഉണ്ടാക്കാനും സാധ്യതയുണ്ടാക്കിയെന്നും കുറ്റാരോപണ മെമ്മോയിൽ പറയുന്നുണ്ട്.
Adjust Story Font
16