മഹാരാജാസ് കോളജ് വിദ്യാർഥി സംഘർഷം; സർവകക്ഷിയോഗത്തിൽ എടുത്ത തീരുമാനം അട്ടിമറിക്കുന്നുവെന്ന് പരാതി
ഹോസ്റ്റലിനകത്ത് അക്രമസംഭവങ്ങൾ ആവർത്തിക്കുന്നതായും ആരോപണമുണ്ട്.
കൊച്ചി: സംഘർഷത്തെ തുടർന്ന് അടച്ചിട്ട മഹാരാജാസ് കോളജ് വീണ്ടും തുറന്നെങ്കിലും ക്ലാസുകൾ പഴയപടി ആയിട്ടില്ല. ഹോസ്റ്റലിനകത്ത് അക്രമസംഭവങ്ങൾ ആവർത്തിക്കുന്നതായും ആരോപണമുണ്ട്. സർവകക്ഷിയോഗത്തിൽ എടുത്ത തീരുമാനത്തെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങളാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഒരു വിഭാഗം വിദ്യാർഥികൾ ആരോപിക്കുന്നു. സംഘർഷത്തിന് പിന്നാലെ ബുധനാഴ്ചയാണ് മഹാരാജാസ് കോളജും ഹോസ്റ്റലും തുറന്നത്.
കോളജിൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് പി.ടി.എ യോഗത്തിലെടുത്ത തീരുമാനങ്ങളും സർവകക്ഷിയോഗത്തിന് പിന്നാലെ കൈക്കൊണ്ട നടപടികളും പ്രാവർത്തികമാക്കുമെന്നാണ് കോളജ് അധികൃതർ അറിയിച്ചത്. ഇതുപ്രകാരം ആറ് മണിക്ക് ശേഷം വിദ്യാർഥികളോട് കാമ്പസ് വിടാൻ കോളജ് പുനരാരംഭിച്ച ദിവസം തന്നെ നിർദേശം വന്നിരുന്നു. എന്നാൽ സർവകക്ഷി യോഗത്തിൽ കൈക്കൊണ്ട പല തീരുമാനങ്ങളും അട്ടിമറിക്കപ്പെടുകയാണെന്ന് കെ.എസ്.യുവും ഫ്രറ്റേണിറ്റിയും ആരോപിച്ചു. എസ്.എഫ്.ഐ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ കെ.എസ്.യു പ്രവർത്തകരെയും ഫ്രറ്റേണിറ്റി പ്രവർത്തകരെയു മർദിച്ചവർക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. ഒരുസംഘം വിദ്യാർഥികൾ ഹോസ്റ്റലിലെത്തി ആക്രമണം അഴിച്ചുവിടുന്നത് വീണ്ടും സമാധാനാന്തരീക്ഷം തകർക്കുകയാണെന്ന് വിദ്യാർഥികൾ പറയുന്നു. അതേസമയം, അറബിക് അധ്യാപകൻ നിസാമുദ്ധീനെതിരെ പരാതി ഉന്നയിച്ച വിദ്യാർഥികളോട് തിങ്കളാഴ്ച തെളിവുകൾ ഹാജരാക്കാൻ കോളജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി പരിഗണിച്ച ശേഷമായിരിക്കും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.
Adjust Story Font
16