Quantcast

കോളജ് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞു; വായ്പയെടുത്ത തുകയുടെ ഇരട്ടിയോളം തിരിച്ചടച്ചെന്ന് മാനേജ്മെന്റ്

അധിക പലിശ ഈടാക്കിയതിന് ബാങ്കിനെതിരെ കോടതിയെ സമീപിച്ചതിന്റെ പകപോക്കലാണ് ജപ്തി നടപടിയെന്ന് ദേശമംഗലം മലബാർ എൻജിനീയറിങ് കോളജ് അധികൃതർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Dec 2024 3:59 PM GMT

കോളജ് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞു; വായ്പയെടുത്ത തുകയുടെ ഇരട്ടിയോളം തിരിച്ചടച്ചെന്ന് മാനേജ്മെന്റ്
X

തൃശൂർ: ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമീഷനെ തടഞ്ഞ് തൃശൂർ ദേശമംഗലം മലബാർ എൻജിനീയറിങ് കോളജ് മാനേജ്മെന്റ്. പഞ്ചാബ് നാഷണൽ ബാങ്കിലെ ഏഴ് കോടി രൂപയുടെ ബാധ്യതയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് അഭിഭാഷക കമ്മീഷൻ ജപ്തി നടപടിക്ക് എത്തിയത്. എന്നാൽ കോളജിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ജീവനക്കാർ കമ്മീഷനെ തടയുകയായിരുന്നു. ജപ്തി നടപടി അനുവദിക്കില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ കമ്മീഷൻ മടങ്ങുകയായിരുന്നു. ജപ്തി നടപടി തടഞ്ഞ കോളജ് ജീവനക്കാരുടെ നടപടി കോടതിയെ അറിയിക്കാനാണ് അഭിഭാഷക കമ്മീഷന്റെ തീരുമാനം.

അതേസമയം വായ്പ എടുത്തതിലേറെ തിരിച്ചടച്ചെന്നാണ് കോളജ് അധികൃതർ വിശദീകരിക്കുന്നത്. അധിക പലിശ ഈടാക്കിയതിന് ബാങ്കിനെതിരെ കോടതിയെ സമീപിച്ചതിന്റെ പകപോക്കലാണ് ജപ്തി നടപടി. നിയമലംഘനം നടത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സിവിലും ക്രിമിനലുമായ നിയമ നടപടി സ്വീകരിക്കുമെന്നും കോളജ് അധികൃതർ വ്യക്തമാക്കി.

വെള്ളപ്പൊക്കവും കൊറോണയുമെല്ലാം അതിജീവിച്ചാണ് 16 കോടിയോളം രൂപ അടച്ചുതീർത്തത്. പിന്നെയും 3.9കോടി ബാലൻസുണ്ട് എന്ന് കണ്ടപ്പോളാണ് കൊള്ളപ്പലിശയും അതിലെ തട്ടിപ്പും ബോധ്യപ്പെട്ടത്. 16-17 ശതമാനം വരെ പലിശ കൂട്ടിയിട്ടുണ്ട്. ഇത് ക്രമവിരുദ്ധവും അന്യായവുമാണ്. കോവിഡ് കാലത്ത് പുനരുജ്ജീവന പദ്ധതിയെന്ന നിലക്ക് സർക്കാർ പോളിസി പ്രകാരം റിസർവ് ബാങ്ക് അനുവദിച്ച രണ്ട് കോടിയോളം രൂപ കണക്കിൽ വന്നെങ്കിലും കോളേജിന് ലഭിച്ചില്ല. അന്വോഷിച്ചപ്പോൾ പറഞ്ഞത് പലിശയിലേക്ക് വരവ് വെച്ചു എന്നാണ്.പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇത്തരം അനീതികൾക്കെതിരെ ബാങ്കിനും ചില ഉദ്യോഗസ്ഥർക്കുമെതിരായി ഹൈക്കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കവെയാണ്. അതിനിടെയാണ് മുൻ നടപടിക്രമങ്ങളൊന്നും പാലിക്കാതെ വൈരാഗ്യ പൂർവം ജപ്തി നാടകം അരങ്ങേറിയതെന്നും കോളജ് അധികൃതർ വ്യക്തമാക്കി.

TAGS :

Next Story