തിരുവനന്തപുരത്തെ ഭരണകൂടത്തിന്റെ കോളനിയായി മലബാർ തുടരുന്നു: പ്രഫ. കെ.കെ.എൻ കുറുപ്പ്
‘വിദ്യാഭ്യാസ രംഗത്തും മറ്റു മേഖലയിലും തിരുവിതാംകൂറും കൊച്ചിയും വളരെ മുന്നിലാണ്’
കോഴിക്കോട്: തിരുവനന്തപുരത്തെ ഭരണകൂടത്തിെൻറ കോളനിയായി മലബാർ തുടരുകയാണെന്ന് ചരിത്രകാരൻ പ്രഫ. കെ.കെ.എൻ കുറുപ്പ്. ഭരണാധികാരികളുടെ പഴയ കോളനിഭരണം മലബാറിനെ പിന്നാക്കാവസ്ഥയിൽ നിലനിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സർവകലാശാലയിൽ നടന്ന രണ്ടാമത് മലബാർ എജുക്കേഷൻ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലെ പിന്നാക്കാവാസ്ഥ ഇന്ന് തുടങ്ങിയതല്ല. ബ്രിട്ടീഷുകാരുടെ കോളനി ഭരണ കാലത്തും അതിന് മുമ്പ് വിജയനഗര കാലത്തുമെല്ലാം പിന്നാക്കാവസ്ഥയിലായിരുന്നു. തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിൽ രാജഭരണമായിരുന്നു. രാജാവിന് എന്തുംചെയ്യാം. രാജാവിന് കോളജുകൾ തുടങ്ങാം. വിവിധ ക്രിസ്ത്യൻ മിഷനറികളും കോളജ് തുടങ്ങി. മലബാറിൽ ആദ്യത്തെ ആധുനിക വിദ്യാഭ്യാസ കേന്ദ്രം വരുന്നത് ഹെർമൻ ഗുണ്ടർട്ട് വന്നപ്പോഴാണ്.
ഇന്ന് നമ്മുടെ സ്ഥിതി വിവരക്കണക്കുകൾ എടുത്തുനോക്കുേമ്പാൾ വിദ്യാഭ്യാസ രംഗത്തും മറ്റു രംഗത്തും തിരുവിതാംകൂറും കൊച്ചിയും വളരെ മുന്നിലാണ്. അതേസമയം മലബാർ പഴയ കോളനി വ്യവസ്ഥയിലേത് പോലെ, തിരുവനന്തപുരത്തെ ഭരണകൂടത്തിെൻറ കോളനിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച് മുഹമ്മദ് കോയയാണ് കോഴിക്കോട് സർവകലാശാല സ്ഥാപിക്കാൻ മുൻകൈയെടുത്തത്. അദ്ദേഹമൊരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു. ഒരു സാധാരക്കാരൻ കൂടിയായിരുന്നു സി.എച്ച്. യുജിസി പുതിയ സർവകലാശാല അനുവദിച്ചപ്പോൾ അത് മലബാറിൽ ആകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസും കൂട്ടുനിന്നു. അതിനാൽ തന്നെ ഇവിടെ ആയിരക്കണക്കിന് കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞു. ആദ്യഘട്ടത്തിൽ മലബാറിൽനിന്ന് വിദേശങ്ങളിലേക്ക് കുടിയേറിയത് തൊഴിലാളികളായിരുന്നു. പിന്നീട് ഇടത്തരക്കാരായി മാറി. പിന്നീട് പ്രഫഷനൽസായെന്നും കെ.കെ.എൻ കുറുപ്പ് കൂട്ടിച്ചേർത്തു.
Adjust Story Font
16