മലപ്പുറം പരാമർശം: സംഘപരിവാറിൻ്റെ വക്താക്കളായി മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാറി- മൂവാറ്റുപുഴ അഷ്റഫ് മൗലവി
ആർഎസ്എസിന്റെ താൽപര്യം ആഭ്യന്തര വകുപ്പിലൂടെ മുഖ്യമന്ത്രി നടപ്പിലാക്കുന്നുണ്ടെന്നും ആരോപണം
കൊച്ചി: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംസ്ഥാന ഭരണത്തലവനും സംഘപരിവാർ തലവനും ഒന്നാണെന്ന് തോന്നും വിധമുള്ളതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. സംഘപരിവാറിൻ്റെ വക്താക്കളായി മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ആർഎസ്എസിന്റെ അതേ പദപ്രയോഗം ഏറ്റെടുത്ത് മുഖ്യമന്ത്രി പെരുമാറിയെന്നും ആർഎസ്എസിന്റെ താൽപര്യം ആഭ്യന്തര വകുപ്പിലൂടെ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അൻവർ ഉന്നയിച്ചതും ഇതേ കാര്യങ്ങളാണെന്നും അഷ്റഫ് മൗലവി കൂട്ടിച്ചേർത്തു.
പൊലീസ് കള്ളക്കേസെടുക്കുന്നു എന്ന് എസ്ഡിപിഐ മുമ്പും പറഞ്ഞിട്ടുണ്ട്. ആർഎസ്എസുകാർ ബന്ധപ്പെട്ട കേസുകളിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യുന്നു. പരിഹരിക്കാനാവാത്ത ആഘാതമാണ് മുഖ്യമന്ത്രി വരുത്തിവെച്ചത്. കേരളം വലിയ വില കൊടുക്കേണ്ടി വരും. പിണറായിയെ തിരുത്താൻ പാർട്ടി തയ്യാറാകണം. അദ്ദേഹം പറഞ്ഞു.
സ്വർണത്തെ പറ്റി മുഖ്യമന്ത്രി പറഞ്ഞ കണക്കിൽ വിശ്വാസമില്ല. വിമാനത്താവളത്തിൽ നിന്ന് പിടിച്ചു എന്നല്ല മലപ്പുറത്ത് നിന്ന് പിടിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. അൻവറിനുള്ള മറുപടിയായിട്ടല്ല അത് പറയേണ്ടത്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഹിഡൻ അജണ്ടയുണ്ട്. വോട്ട് ബാങ്കിന് വേണ്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. അഷ്റഫ് മൗലവി കൂട്ടിച്ചേർത്തു.
അൻവറിൻറെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത് എസ്‍ഡിപിഐ-ജമാഅത്തെ ഇസ്‍ലാമി പ്രവർത്തകരാണെന്ന സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിനും അഷ്റഫ് മൗലവി മറുപടി നൽകി. എസ്‍ഡിപിഐ വളരുന്നു എന്ന് ഗോവിന്ദൻ മാഷിന് മനസ്സിലായല്ലോ. അൻവറിനെ ഞങ്ങൾ എന്തിന് പിന്തുണക്കണം? എസ്‍ഡിപിഐക്കാർ സമ്മേളനത്തിൽ പോയിട്ടില്ല. അത് ഞങ്ങൾ ഉറപ്പുവരുത്തിയതാണ്. പ്രസംഗം കേൾക്കുന്നത് കുഴപ്പമില്ല. അദ്ദേഹം പറഞ്ഞു.
Adjust Story Font
16