അധ്യാപകന്റെ വിവാദ പരാമർശം; ഫാസിസത്തിന്റെ വാക്കുകൾ മലയാളി ഒരുമിച്ചെതിർക്കണം: ഡോ. എം.കെ. മുനീർ
"ഈ കറുത്ത പുള്ളികൾ അധ്യാപക സമൂഹത്തിന് അപമാനമാണ്. ഇത്തരത്തിലുള്ള ആളുകൾ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർഥി സമൂഹത്തെ പിറകോട്ട് നയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ല''
ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്റെ വാക്കുകൾ ഞെട്ടലോടെയാണ് കേട്ടതെന്നും വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഹബ്ബായി കേരളം വികസിക്കുന്നത് അംഗീകരിക്കാനാവാത്ത ഫാസിസ്റ്റ് മനോഭാവമുള്ള ഇത്തരം ആളുകളുടെ വാക്കുകൾ മലയാളി ഒരുമിച്ചുനിന്ന് മുളയിലേ നുള്ളിക്കളയണമെന്നും ഡോ. എം.കെ. മുനീർ എം.എൽ.എ.
''ഇത് കേട്ടപ്പോൾ എന്റെ ഗുരുക്കന്മാരാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അവരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. എന്നെ ഞാനാക്കിയ, എന്നിൽ മതേതരത്വ മൂല്യം ഉണ്ടാക്കിയെടുക്കുകയും എല്ലാവരെയും സമഭാവനയോടെ കാണാൻ പഠിപ്പിക്കുകയും ചെയ്ത അവരെ ഞാൻ ഓർക്കുകയാണ്. എന്നാൽ നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ കറുത്ത പുള്ളികൾ അധ്യാപക സമൂഹത്തിന് അപമാനമായി മാറുകയാണ്. ഇത്തരത്തിലുള്ള ആളുകൾ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർഥി സമൂഹത്തെ പിറകോട്ട് നയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ല'' ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ എം.കെ. മുനീർ അഭിപ്രായപ്പെട്ടു.
ഓരോ വിദ്യാർഥിയുടെയും വലിയ സ്വപ്നങ്ങളാണ് ഡൽഹി യൂണിവേഴ്‌സിറ്റി പോലെയുള്ള ഉന്നത സർവ്വകലാശാലകളിലെ ബിരുദങ്ങളെന്നും രാപ്പകൽ കഷ്ടപ്പെട്ടാണ് അവർ ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
''നമ്മുടെ കേരളത്തിലെ കുട്ടികൾ അഖിലേന്ത്യാതലത്തിൽ തന്നെ ഉയർന്ന നിലയിലേക്ക് എത്തുമ്പോൾ ഓരോ മലയാളിക്കും അഭിമാന നിമിഷമാണ്. സിവിൽ സർവീസ് പരീക്ഷകളിൽ ആദ്യ നൂറിനകത്തു പോലും നമ്മുടെ കുട്ടികൾ കടന്നുവരുന്ന സാഹചര്യമാണിത്. അസൂയാവഹമായ മലയാളികളുടെ ഈ മുന്നേറ്റമാണ് ഫാസിസ്റ്റ് മനോഭാവമുള്ള ഇവരെ പോലുള്ളവർക്ക് അംഗീകരിക്കാനാവാത്തത്.'' മുനീർ ചൂണ്ടിക്കാട്ടി.
മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകളിലേക്ക് കുട്ടികൾ ഒഴുകിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16