മുംബൈയില്‍ കാണാതായ മലയാളി വിദ്യാർഥിയും ഓണ്‍ലൈന്‍ ലോൺ തട്ടിപ്പിന്റെ ഇരയെന്ന് സംശയം; പണമിടപാട് വിവരങ്ങൾ പുറത്ത്
ഏറ്റവും അധികം പണം കൈമാറിയത് മോക്ഷ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ്.
കൊച്ചി: മുംബൈയില്‍ കാണാതായ മലയാളി വിദ്യാർഥി ഫാസിലും ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പിന്റെ ഇരയെന്ന സംശയം ബലപ്പെടുന്നു. ആലുവ സ്വദേശിയായ ഫാസില്‍ ആറ് സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിന്റെ വിവരങ്ങള്‍ പുറത്തുവന്നു. 12 ദിവസത്തിനിടെ 19 ഇടപാടുകളാണ് ഫാസിൽ നടത്തിയത്.
ആറ് സ്ഥാപനങ്ങൾക്കായി രണ്ട് ലക്ഷം രൂപയാണ് ഫാസിൽ നൽകിയതെന്ന് പിതാവ് അഷ്റഫ് മൊയ്തീൻ മീഡിയവണിനോട് പറഞ്ഞു. മോക്ഷ ട്രേഡേഴ്സ്, വിഷന്‍ എന്റർപ്രൈസസ്, ഓം ട്രേഡേഴ്സ്, ശീതള്‍ ട്രേഡേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. ഇതിൽ 1.2 ലക്ഷം രൂപയുടെ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.
ഏറ്റവും അധികം പണം കൈമാറിയത് മോക്ഷ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ്. ഗൂഗിൾ പേ വഴി മോക്ഷയ്ക്ക് 95,000 രൂപയും വിഷൻ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് 25,000 രൂപയും കൈമാറി. എന്നാൽ ഈ ഈ സ്ഥാപനങ്ങളൊക്കെ എവിടെയുള്ളതാണെന്ന് കണ്ടെത്താനായിട്ടില്ല.
ആഗസ്റ്റ് 14 മുതൽ 26 വരെയുള്ള ദിവസങ്ങളിലായാണ് മോക്ഷയ്ക്ക് 95,000 രൂപ കൈമാറിയത്. 25, 26 തിയതികളിലാണ് ഏറ്റവും കൂടുതൽ ഇടപാട് നടന്നിരിക്കുന്നത്. അതേസമയം, ഫാസിലിനെ കാണാതായിട്ട് ഇന്നേക്ക് 22 ദിവസം പിന്നിട്ടു. ആഗസ്റ്റ് 26നാണ് മുംബൈയിലെ എച്ച്ആർ കോളജിലെ ബിരുദ വിദ്യാർഥിയായ ഫാസിലിനെ കാണാതായത്.
ഫാസിൽ ഹോസ്റ്റലിൽ നിന്ന് ബാഗുമായി ഇറങ്ങുന്ന ചിത്രം പുറത്തുവന്നിരുന്നു. പിന്നീട് നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടുവെന്ന വിവരം ലഭിച്ചെങ്കിലും ഫാസിൽ എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ഫാസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ പിന്നീട് ഓൺ ചെയ്യാത്തതിനാൽ ലൊക്കേഷൻ മനസിലാക്കാനും സാധിച്ചിട്ടില്ല.
വിദ്യാർഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലുവ റൂറൽ പൊലീസിൽ പിതാവ് നൽകിയിരുന്നു. സംഭവത്തിൽ മുംബൈ കൊളാബ പൊലീസിന് പുറമെ ആലുവ റൂറൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാസിലിനെ കണ്ടെത്തുക എന്നതിനാണ് പൊലീസ് പ്രാധാന്യം നൽകുന്നത്.
ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിന് ഇരയായി അവരുടെ ഭീഷണി ഭയന്ന് ഫാസിൽ എവിടേക്കെങ്കിലും പോയതാകാണം എന്ന നിഗമനത്തിലൂന്നിയാണ് തുടക്കം മുതൽ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് പണമിടപാടിന്റെ വിവരങ്ങൾ ലഭിച്ചത്.
Adjust Story Font
16