'വിട്ടുകളയൂ ചേച്ചീ' മമ്മൂട്ടി പിന്തുണ അറിയിച്ചെന്ന് മല്ലിക സുകുമാരൻ
പെരുന്നാൾ തലേന്നും സുകുമാരൻ ചേട്ടന്റെ കുടുംബത്തിനു വിഷമമാകും എന്നു കണ്ട് മമ്മൂട്ടി മെസ്സേജ് അയച്ചത് തന്നെ സന്തോഷിപ്പിച്ചെന്ന് മല്ലിക സുകുമാരൻ

കൊച്ചി : സിനിമയിൽ പൃഥ്വിരാജിന് ധാരാളം ശത്രുക്കളുണ്ടെന്നും മേജർ രവിയുടെ വാക്കുകൾ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നും മല്ലിക സുകുമാരൻ. പെരുന്നാൾ തലേന്നായിട്ടുകൂടെ മമ്മൂട്ടി പിന്തുണയുമായി എത്തി. ഈ ഒരു സമയത്ത് സുകുമാരൻ ചേട്ടന്റെ കുടുംബത്തിനു വിഷമമാകും എന്നു കണ്ട് മമ്മൂട്ടി മെസ്സേജ് അയച്ചത് തന്നെ സന്തോഷിപ്പിച്ചെന്നും മറ്റാരും പ്രതികരിച്ചില്ലെന്നും സ്വകാര്യ ചാനലിനോട് മല്ലിക സുകുമാരൻ.
"പെരുന്നാളിന്റെ തലേന്നാൾ ആയിട്ടുകൂടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് മമ്മൂട്ടി മെസ്സേജ് അയച്ചു. മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യനു തോന്നി. മറ്റാര്‍ക്കും അതു തോന്നിയില്ല. വിശ്രമവേളയിലും പിന്തുണ അറിയിച്ച് അദ്ദേഹം മെസേജ് അയച്ചതു ജീവിതത്തില്‍ മറക്കില്ല. 'ഇതൊക്കെ വിട്ടുകളയൂ ചേച്ചീ' എന്ന അർഥത്തിലാണ് ഇമോജികൾ ചേർത്തുവെച്ച് മെസ്സേജ് അയച്ചത്. പോസ്റ്റ് കണ്ടിരുന്നതായും പറഞ്ഞു. ഈ ഒരു സമയത്ത് സുകുമാരൻ ചേട്ടന്റെ കുടുംബത്തിനു വിഷമം ആകും എന്ന് മമ്മൂട്ടിക്ക് തോന്നിയല്ലോ. അതാണ് അദ്ദേഹത്തിന്റെ നന്മ" എന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു.
എമ്പുരാൻ സിനിമയുടെ പേരിൽ പൃഥിരാജിനെതിരെ അപവാദ പ്രചരണം നടക്കുന്നതായും വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതായും മല്ലിക സുകുമാരൻ നേരത്തെ മീഡിയ വണ്ണിനോട് പ്രതികരിച്ചിരുന്നു. മോഹൻലാലിനെ പൃഥ്വിരാജ് ചതിച്ചു എന്നത് ചിലർ മനഃപൂര്‍വം നടത്തുന്ന പ്രചരണമാണ്. എമ്പുരാന്‍റെ ഉത്തരവാദിത്തം സിനിമയിലുള്ള എല്ലാവർക്കുമുണ്ട്. പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാനാണ് ചിലരുടെ ശ്രമമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.
Adjust Story Font
16