'മല്ലു ഹിന്ദു ഓഫീസേഴ്‌സ്'; ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ്, അഡ്മിൻ കെ. ഗോപാലകൃഷ്ണൻ
സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിലേക്ക് ആഡ് ചെയ്തതിനു പിന്നാലെ ചില മുതിർന്ന ഉദ്യോഗസ്ഥർ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.
തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ്. 'മല്ലു ഹിന്ദു ഓഫീസേഴ്സ്' എന്ന പേരിലാണ് ഗ്രൂപ്പുള്ളത്. വ്യവസായ-വാണിജ്യ വകുപ്പ് ഡയരക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് ആണ് അഡ്മിൻ. മണിക്കൂറുകൾക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിലേക്ക് ആഡ് ചെയ്തതിനു പിന്നാലെ ചില ഉദ്യോഗസ്ഥർ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിലീറ്റ് ചെയ്തത്. 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്.
ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നും വിശദീകരിച്ച് ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ ഓഡിയോ സന്ദേശം അയച്ചിരുന്നു. ഫോൺ ഹാക്ക് ചെയ്‌തെന്നു കാണിച്ച് സൈബർ പൊലീസിനു പരാതി നൽകിയിട്ടുണ്ട്.
കോവിഡ് കാലത്ത് മലപ്പുറം ജില്ലാ കലക്ടറായിരുന്ന കെ. ഗോപാലകൃഷ്ണൻ മെഡിക്കൽ ഉപകരണങ്ങൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി പൊതുജനങ്ങളില്‍നിന്നു ധനസമാഹരണം നടത്താന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് അഭ്യര്‍ഥിച്ചത് വലിയ വിവാദമായിരുന്നു. ജില്ലയിൽ കോവിഡ് ചികിത്സയ്ക്ക് മതിയായ സജ്ജീകരണങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്.
Summary: 'Mallu Hindu Officers': WhatsApp group created by K Gopalakrishnan IAS on behalf of Hindu IAS officers
Adjust Story Font
16