'മറക്കാത്തതു കൊണ്ടല്ലേ വന്നത്, മറക്കാൻ പറ്റാത്തതുകൊണ്ട്'; എം.ടിയുടെ വസതിയിൽ കണ്ണീരണിഞ്ഞ് മമ്മൂട്ടി
എം.ടിയുടെ മരണസമയത്ത് മമ്മൂട്ടി വിദേശത്തായിരുന്നു
കോഴിക്കോട്: ഒടുവിൽ മമ്മുട്ടി സിതാരയിലെത്തി. തനിക്കായ് ഒട്ടനേകം കഥാപാത്രങ്ങൾ രചിച്ച പ്രിയ എം.ടിയുടെ ഓർമകളിൽ മഹാനടൻ കണ്ണീരണിഞ്ഞ് വിതുമ്പി.
അന്തരിച്ച വിഖ്യാത എഴുത്തുകാരന്റെ മരണസമയത്ത് മമ്മൂട്ടി വിദേശത്തായിരുന്നു അതിനാൽ എത്താൻ സാധിച്ചിരുന്നില്ല. എം.ടി മരിച്ച് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി കോഴിക്കോട്ടെ വസതിയിലെത്തുന്നത്. എം.ടിയെ മറക്കാൻ പറ്റാത്തതുകൊണ്ടാണ് താൻ വന്നത് മറ്റൊന്നും പറയാനില്ല എന്നായിരുന്നു സന്ദർശനത്തിന് ശേഷം മമ്മൂട്ടി പറഞ്ഞത്.
എം.ടിയുടെ മരണസമയത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ മമ്മൂട്ടി ദുഃഖം രേഖപ്പെടുത്തിയിരുന്നു.
'ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ,ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്‌സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.' എന്നായിരുന്നു അന്ന് മമ്മൂട്ടി കുറിച്ചത്.
ഡിസംബർ 26ന് സ്വകാര്യ ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്നാണ് എം.ടി മരണത്തിന് കീഴടങ്ങിയത്. മമ്മൂട്ടിയുടെ ഒട്ടനവധി കഥാപാത്രങ്ങൾ രചിച്ച എം.ടി മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന് മികച്ച പിന്തുണ നൽകിയിട്ടുണ്ട്.
വാർത്ത കാണാം-
Adjust Story Font
16