'ശ്രുതിയുടെ വേദന...ചിന്തിക്കാവുന്നതിനപ്പുറം സഹിക്കാനുള്ള ശക്തി ലഭിക്കട്ടെ' ; ആശ്വാസവാക്കുകളുമായി മമ്മൂട്ടി
ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്ന ശ്രുതിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് മലയാളികള്‍
കോഴിക്കോട്: മണ്ണും വെള്ളവും കുതിച്ചെത്തിയ ആ രാത്രിയിലാണ് ശ്രുതിക്ക് പ്രിയപ്പെട്ടവരെ നഷ്ടമായത്. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുക്കളെയും ആ മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയി. പ്രതിശ്രുത വരന്‍ ജെന്‍സന്‍റെ സ്നേഹത്തണലില്‍ പതിയെ ജീവിതത്തിലേക്ക് പിച്ചവച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പ്രിയതമനെയും നഷ്ടമാകുന്നത്. ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്ന ശ്രുതിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് മലയാളികള്‍. കേരളം മുഴുവന്‍ ശ്രുതിക്കൊപ്പമുണ്ട്. നിരവധി പേരാണ് ശ്രുതിയുടെ വേദനക്കൊപ്പം നിന്ന് ആശ്വാസം ചൊരിയുന്നത്.
''ജെൻസന്‍റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന...ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്‍റെ പ്രിയപ്പെട്ടവർക്കും..'' മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ''കാലത്തിന്‍റെ അവസാനം വരെ പ്രിയപ്പെട്ട സഹോദരനെ ഓര്‍ക്കും'' ജെന്‍സന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് നടന്‍ ഫഹദ് ഫാസില്‍ കുറിക്കുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്.
കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്‍റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ.
''ഒരു വാക്കുകളും ഇല്ല പ്രിയപ്പെട്ട ശ്രുതിയെ ആശ്വസിപ്പിക്കാൻ. ഏത് പ്രതിസന്ധിയും അതിജീവിക്കാൻ ശ്രുതിക്ക് കരുത്തുണ്ടാകട്ടെ. ഒരു വിളിക്കപ്പുറം എന്ത് സഹായത്തിനും ഒരു നാട് ശ്രുതിക്കൊപ്പം ഉണ്ടാകും. ജെൻസണു കണ്ണീർ പ്രണാമം'' പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ഇന്നലെ രാത്രി 8.55 ഓടെ ജെന്‍സണ്‍ യാത്രയായത്. കൽപ്പറ്റ വെള്ളാരംകുന്നിൽ സ്വകാര്യ ബസും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ജെൻസൻ, വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതി, ദുരന്തത്തിൻ്റെ ആഘാതത്തിൽ മുക്തമാകുന്നതിന് മുമ്പായിരുന്നു വീണ്ടും അപകടം. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം ഈ മാസം നടത്താനിരിക്കെയായിരുന്നു വരന്‍റെ അപ്രതീക്ഷിത വിയോഗം.
Adjust Story Font
16