Quantcast

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ... ഭാര്യ റെഡിയാണ്’; ചേർത്തുപിടിക്കലിന്റെ മധുരമാതൃക, കൈയടി

ചേർത്തുപിടിക്കലിന്റെ ഇത്തരം മനുഷ്യരുള്ള നമ്മുടെ നാട് എവിടെയും തോൽക്കില്ല എന്നാണ് പലരും പറയുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-07-31 14:48:37.0

Published:

31 July 2024 2:47 PM GMT

man says his wife ready to offer breast milk for victim babies of mundakai landslide
X

മേപ്പാടി: പ്രളയകാലത്തും പിന്നീടുണ്ടായ ഉരുൾപൊട്ടലുകളുടെ സമയങ്ങളിലുമെല്ലാം സഹജീവി സ്നേഹത്തിന്റെയും അപാരമായ ചേർത്തുപിടിക്കലിന്റേയും നിരവധി കാഴ്ചകൾ കേരളം കണ്ടു. പണവും ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളുമായി ഉള്ളതിന്റെ ഒരോഹരി പലരും കൊടുത്തപ്പോൾ ഉപജീവനമാർ​ഗത്തിൽ ഉള്ളതെല്ലാം പെറുക്കിക്കൊടുക്കുന്ന ഹൃദയഹാരിയായ നിമിഷങ്ങൾക്കും നമ്മൾ സാക്ഷിയായി. കുരുന്നുകൾ മുതൽ വയോധികർ വരെ ആ സഹായനിരയിൽ അണിനിരന്നു. ഇപ്പോഴിതാ വയനാട് മുണ്ടക്കൈയിൽ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് കേരളം ഇരയായപ്പോൾ അവിടെയും അത്തരം സഹായമനസ്കതയുടെ മഹാഅധ്യായങ്ങൾ രചിക്കപ്പെടുകയാണ്. അത്തരമൊരു മധുരമാതൃകയെ കുറിച്ചാണ് പറയുന്നത്.

ദുരന്തഭൂമിയിൽ നിന്ന് പെറ്റമ്മയെ നഷ്ടമായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ പറയണം, തന്റെ ഭാര്യ തയാറാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഒരു പൊതുപ്രവർത്തകൻ. ദുരന്തമുഖത്തുനിന്ന് ഓരോരുത്തരെയും രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്കരമാണെങ്കിലും രക്ഷാപ്രവർത്തകർ സാധ്യമായ രീതിയിലെല്ലാം പ്രതീക്ഷയോടെ നീങ്ങുന്നതിനിടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് വന്ന ഹൃദയഹാരിയായ ഈ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ... എന്റെ ഭാര്യ റെഡിയാണ്’- എന്നാണ് ഒരു പൊതുപ്രവർത്തകരിലൊരാൾ വാട്ട്സ്ആപ്പ് സന്ദേശമായി സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. സന്ദേശം പൊതുപ്രവർത്തകന്റെ പേര് മറച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ അഭിനന്ദനമറിയിച്ചും സന്തോഷം പങ്കിട്ടും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ചേർത്തുപിടിക്കലിന്റെ ഇത്തരം മനുഷ്യരുള്ള നമ്മുടെ നാട് എവിടെയും തോൽക്കില്ല എന്നാണ് പലരും പറയുന്നത്.

ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോൽപിക്കാനാവില്ല, സമാനതകളില്ലാത്ത ഹൃദയ ഐക്യം കേരളത്തിന്റെ കൈമുതൽ, കഷ്ടപ്പാടിന്റെ വേദനകൾ അറിഞ്ഞ വാക്കുകള്‍, ഇതാണ് കേരളം.നമുക്കഭിമാനിക്കാം ആ സഹോദരിയെയും സഹോദരനെയും കുറിച്ചോർത്ത്, പ്രളയത്തെ പോലും തോൽപിക്കുന്ന ചേർത്തുവെപ്പ്... ദൈവം അനുഗ്രഹിക്കട്ടെ- എന്നൊക്കെയും ആളുകൾ പറയുന്നു. ഇത്തരത്തിൽ വൻ കൈയടിയാണ് ആ യുവതിയുടെയും ഭർത്താവിന്റേയും മനസിന് സൈബറിടം നൽകുന്നത്.

TAGS :

Next Story