Quantcast

മാനന്തവാടിയെ വിറപ്പിച്ച തണ്ണീർക്കൊമ്പനെ മയക്കുവെടിവെച്ചു

മയക്കുവെടിവെയ്ക്കാൻ വനം വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-02 13:19:27.0

Published:

2 Feb 2024 12:20 PM GMT

Mananthwadi elephant shot by forest department
X

മാനന്തവാടി: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയായ 'തണ്ണീർക്കൊമ്പനെ' ആർആർടി സംഘം മയക്കുവെടിവെച്ചു. ആനയുടെ പിറകിലാണ് മയക്കുവെടി കൊണ്ടത്. താഴെയങ്ങാടിയിലെ വാഴത്തോട്ടത്തിൽ വെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. വെടിയേറ്റ ആന പരിഭ്രാന്തി സൃഷ്ടിച്ച് ഓടിയേക്കുമെന്ന് ഭയന്നിരുന്നു. എന്നാൽ നേരത്തെ നിന്നപോലെ തന്നെ ആന നിൽക്കുകയാണ്. ആദ്യ ഡോസ് മയക്കുവെടിയേറ്റ ആന മയങ്ങിത്തുടങ്ങിയിട്ടുണ്ട്. ആദ്യം വെച്ച വെടി ആനയ്ക്ക് കൊണ്ടിരുന്നില്ല. രണ്ടാമത് വെച്ച വെടിയാണ് ഏറ്റത്.

വെടി കൊണ്ടെങ്കിലും ആന പൂർണമായി മയങ്ങിയോയെന്ന് തീർച്ചയില്ല. വെടിയേറ്റിട്ടും മൂന്നു മണിക്കൂർ വരെ ആന മയങ്ങാതെ നിന്ന സംഭവങ്ങളുണ്ട്. അതിനാൽ കരുതലോടെയാണ് ദൗത്യസംഘം നീങ്ങുന്നത്. കുംകിയാനകളെ ഉപയോഗിച്ച് തണ്ണീർകൊമ്പനെ ലോറിയിലേക്ക് കയറ്റുകയാണ് ദൗത്യത്തിന്റെ അടുത്ത ഘട്ടം. ഇപ്പോൾ ആന നിൽക്കുന്നയിടത്ത് റോഡില്ലാത്തത് ഇതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ കുംകിയാനകൾ ആനയെ റോഡിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ആനയെ റോഡിനടുത്തേക്ക് എത്തിക്കുന്നതിന് മുമ്പായി കാലുകൾ ബന്ധിക്കാൻ കഴിയില്ല. ഇത് ദൗത്യത്തിന് തടസ്സം സൃഷ്ടിക്കും. ലോറിയിൽ കയറ്റിയ ശേഷം ആനയെ ബന്ദിപ്പൂർ ഉൾവനത്തിൽ തുറന്നു വിടാനാണ് അധികൃതരുടെ തീരുമാനം.

ആനയെ മയക്കുവെടിവെയ്ക്കാൻ വനം വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്കു തുരത്താൻ ശ്രമിക്കണമെന്നും ഇതു വിജയിച്ചില്ലെങ്കിൽ മയക്കുവെടിവച്ചു പിടികൂടി ബന്ദിപൂർ വനത്തിൽ തുറന്നുവിടാനുമാണ് ഉത്തരവ്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദാണ് ഉത്തരവിറക്കിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ രണ്ട് 1 എ പ്രകാരമാണ് ഉത്തരവിറക്കിയത്.

ഇന്നലെ രാത്രി 11.30ഓടെയാണ് മാനന്താവാടിയിൽ കാട്ടാന ഇറങ്ങിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. കർണാടകയിലെ ഹാസനിൽനിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട 'തണ്ണീർ' എന്ന ആനയാണിത്. കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾക്ക് അവധിയും നൽകിയിരുന്നു.



TAGS :

Next Story