മനു തോമസ് വിവാദം; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിയത് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സി.പി.എം
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളടങ്ങിയ രണ്ടംഗ കമ്മീഷനെയാണ് നിയോഗിച്ചത്
കണ്ണൂർ: മനു തോമസ് വിവാദത്തിൽ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിയത് അന്വേഷിക്കാൻ സി.പി.എം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.വി ഗോപിനാഥ്, എം. പ്രകാശൻ എന്നിവരെയാണ് നിയോഗിച്ചത്. സമീപകാലത്ത് മനു തോമസ് നടത്തിയ ചില വെളിപ്പെടുത്തലുകൾ ഏറെ വിവാദമായിരുന്നു.
"സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കാട്ടി, യുവജന കമ്മിഷൻ അധ്യക്ഷൻ എം.ഷാജിറിനെതിരെ സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. പ്രഹസനമായിരുന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ. ആകാശ് തില്ലങ്കേരിയുമായി സിപിഎമ്മിലെ ചില നേതാക്കൾക്ക് ഇപ്പോഴും ബന്ധമുണ്ട്. ആ നേതാക്കൾ ഇപ്പോഴും പല കാര്യങ്ങൾക്കും അവരെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പാർട്ടിയുടെ തണലിൽ വളർന്നവർ പാർട്ടിക്കും മേലെയായി. പാർട്ടിക്ക് തിരുത്താൻ പരിമിതികളുണ്ട്. മനസ്സ് മടുത്താണ് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചത്. പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വയം പുറത്ത് പോയതാണ്. തുറന്നു പറയാൻ ഒരു മടിയുമില്ല, എന്നും ഇടത് അനുഭാവിയായി തുടരും". മനു പറഞ്ഞു.
ഇതിനു പിന്നാലെ മനു തോമസിനെതിരെ പരസ്യ വിമർശനവുമായി സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ രംഗത്തുവന്നിരുന്നു. മാധ്യമങ്ങളുടെ സി.പി.എം വിരുദ്ധതയാണ് മനുവിന് പോരാളി പരിവേഷം നൽകുന്നത്. 15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16