നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; 'മരണ സുബിൻ' കരുതൽ തടങ്കലിൽ
കഴിഞ്ഞമാസം ബാറിൽ അടിപിടിയുണ്ടാക്കി യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച കേസിലെ പ്രതിയാണ് സുബിൻ.
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 'മരണ സുബിൻ' കരുതൽ തടങ്കലിൽ. തിരുവല്ല പൊലീസാണ് ഇയാളെ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. കഴിഞ്ഞമാസം ബാറിൽ അടിപിടിയുണ്ടാക്കി യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച കേസിലെ പ്രതിയാണ് സുബിൻ.
തിരുവല്ല കുറ്റപ്പുഴ സ്വദേശി 26കാരനായ 'മരണ സുബിൻ' എന്ന സുബിൻ അലക്സാണ്ടറിനെയാണ് കരുതൽ തടങ്കലിലാക്കിയത്. 2018 മുതൽ തിരുവല്ല, കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനുകളിലായി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുബിൻ. ഈവർഷം ജൂണിൽ ഇയാൾക്കെതിരെ കരുതൽ തടങ്കലിനുള്ള ശിപാർശ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ചിരുന്നു.
തുടർന്നാണ് കഴിഞ്ഞമാസം വീണ്ടും തിരുവല്ല പൊലീസ് സ്റ്റേഷനിൽ കേസിൽ ഉൾപ്പെട്ടത്. തിരുവല്ലയിലെ ഒരു സ്വകാര്യ ബാറിൽ അടിപിടി ഉണ്ടാക്കി യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച സംഭവത്തിൽ പിടികൂടി സ്റ്റേഷനിൽ എത്തിച്ച സുബിൻ ചാടിപ്പോയിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് ഇയാളെ പൊലീസ് പിടികൂടിയത്.
2022ൽ കാപ്പ വകുപ്പ്-15 അനുസരിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവുപ്രകാരം ഇയാളെ ജില്ലയിൽനിന്ന് ആറുമാസം പുറത്താക്കിയിരുന്നു. കരുതൽ തടങ്കൽ ശിപാർശയിൽ ഉൾപ്പെടുത്തിയ 12 കേസുകളിൽ ഒമ്പതിലും അന്വേഷണം പൂർത്തിയായി കോടതിയിൽ വിചാരണ നടപടി നടന്നുവരികയാണ്. ബാക്കിയുള്ളവ അന്വേഷണത്തിലാണ്.
Adjust Story Font
16