മസാലബോണ്ട് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി; തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസം
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി
കൊച്ചി: മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസം. കേസിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
മസാലബോണ്ട് കേസിൽ കിഫ്ബിക്കും തോമസ് ഐസക്കിനും പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ഒരേ ഹരജിയിൽ ഒരു സിംഗിൾ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവ് പരിഷ്കരിച്ച് ഉത്തരവിടാൻ മറ്റൊരു സിംഗിൾ ബഞ്ചിനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ആദ്യ ഘട്ടത്തിൽ ഹരജി പരിഗണിച്ച ജസ്റ്റിസ് വിജി അരുണ്‍ കേസിൽ തുടർനടപടി പാടില്ലെന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇത് പരിഷ്കരിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമൻസ് അയക്കാനുള്ള അനുമതി നൽകിയത്. എന്നാൽ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഇക്കാര്യത്തിൽ വാദം കേട്ട് സിംഗിൾ ബെഞ്ച് തീരുമാനം എടുക്കട്ടെയെന്നും ജസ്റ്റിസ് മുഹമ്മദ് മുസ്താഖും ശോഭ അന്നമ്മ ഈപ്പനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കിഫ്ബിക്കും തോമസ് ഐസക്കിനും പുതിയ സമൻസ് അയച്ചിട്ടില്ലെന്ന് ഇഡി ഇന്ന് കോടതിയെ അറിയിച്ചു. മസാല ബോണ്ട് കേസിൽ കിഫ്ബി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്നും ഫെമ നിയമ ലംഘനം നടത്തിയെന്നുമാണ് ഇ.ഡിയുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. എന്നാൽ കിഫ്ബിക്കും തോമസ് ഐസക്കിനും അനുകൂലമായി ആർബിഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
Adjust Story Font
16