ഡിജിപിയുടെ വസതിയിലെ സുരക്ഷാവീഴ്ച; സംസ്ഥാന ദ്രുതകർമ്മസേനയിൽ കൂട്ടസ്ഥലംമാറ്റം
സുരക്ഷാവീഴ്ചയെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു
തിരുവനന്തപുരം: സംസ്ഥാന ദൃുതകർമ്മ സേനയിൽ വ്യാപക സ്ഥലം മാറ്റം. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ പ്രവേശിച്ചതിലെ സുരക്ഷാവീഴ്ചയ്ക്ക് പിന്നാലെയാണ് എഡിജിപി എം.ആർ അജിത്കുമാറിന്റെ നടപടി.
സുരക്ഷാവീഴ്ചയെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക സ്ഥലം മാറ്റം. തിരുവനന്തപുരം, എറണാകുളം മേഖലകളിലെ ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം.. ദ്രുതകർമസേനയുടെ ക്യൂആർടിയിൽ പെട്ട വിവിധ സെഷനുകളിലേക്കാണ് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. വിവിഐപി സുരക്ഷയുടെ ചുമതലയുള്ള വിഭാഗമാണ് ദ്രുതകർമ്മസേന. ഡിജിപിയുടെ വസതിയിലുണ്ടായ സംഭവത്തിൽ ഇവരുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ചയുണ്ടായി എന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നാണ് 3 പേരെ സസ്‌പെൻഡ് ചെയ്തതും ഇപ്പോൾ കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നതും.
പരാതി നൽകാനുണ്ടെന്ന വ്യാജേനയാണ് മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ വസതിയിലേക്ക് പ്രവേശിച്ചത്. തുടർന്ന് ഇവരിവിടെ സമരം നടത്തുകയും ചെയ്തു. പ്രതിഷേധക്കാരെ അകത്ത് കടത്തിയത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 3 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്.
Adjust Story Font
16