'എന്നാലും നമുക്ക് രക്ഷിക്കാനായില്ലല്ലോ സാറേ...'- വിങ്ങിപ്പൊട്ടി മേയർ
ജോയിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ മെഡിക്കൽ കോളജിൽ പൂർത്തിയായി, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ രക്ഷിക്കാനാവാത്തതിൽ വിങ്ങിപ്പൊട്ടി മേയർ ആര്യ രാജേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സികെ ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴാണ് മേയർ വികാരാധീനയായത്.
സാധ്യമായതെല്ലാം ചെയ്തിട്ടും ജീവൻ രക്ഷിക്കാനായില്ലെന്ന് വിതുമ്പിയ മേയർ, ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എംഎൽഎയോട് പറഞ്ഞു. രാത്രി നല്ല ഒഴുക്കായിരുന്നതിനാൽ പ്രത്യേകം ഒബ്‌സർവേഷൻ ടീമിനെ നിയോഗിച്ചിരുന്നുവെന്നും ജോയിയെ രക്ഷിക്കാനായില്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണെന്നുമായിരുന്നു മേയറുടെ പ്രതികരണം. തുടർന്ന് നമുക്ക് ചെയ്യാനാവുന്നത് ചെയ്യുക എന്നും ബാക്കി നമ്മുടെ കയ്യിലല്ലെന്നും എംഎൽഎ മേയറെ ആശ്വസിപ്പിച്ചു
അതേസമയം ജോയിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ മെഡിക്കൽ കോളജിൽ പൂർത്തിയായിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ട് മൂന്ന് മണിയോടെ സംസ്‌കരിക്കുമെന്നാണ് വിവരം.
46 മണിക്കൂർ നീണ്ട തെരച്ചിൽ ദൗത്യത്തിൽ ഫലം കാണാതെ, മൂന്നാംപക്കം തകരപ്പറമ്പ് കനാലിൽ ഉപ്പിടാംമൂട് ഇരുമ്പുപാലത്തിന് സമീപമാണ് ജോയിയുടെ മൃതദേഹം പൊങ്ങിയത്. മൃതദേഹം ആദ്യം കണ്ടത് കനാൽ വൃത്തിയാക്കാൻ എത്തിയ ആരോഗ്യ വിഭാഗത്തിലെ താത്കാലിക ഉദ്യോഗസ്ഥർ.
ജീർണ്ണിച്ച നിലയിൽ ആയിരുന്നതിനാൽ ആദ്യം മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിച്ച മൃതദേഹം ജോയിയുടെ സഹോദരൻറെ മകനും ഒപ്പം ജോലി ചെയ്തിരുന്ന ശുചീകരണെത്തൊഴിലാളികളും പഞ്ചായത്ത് അംഗവും എത്തി തിരിച്ചറിഞ്ഞു. ഒടുവിൽ മേയറും സ്ഥിരീകരിച്ചു.
നാവികസേനയടക്കം എത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് കാണാതായ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
Adjust Story Font
16