സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാല്‍ സിപിഎമിനെ വെട്ടിലാക്കിയ വനിത കമ്മീഷന്‍
പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനകളും എം.സി ജോസഫൈന്‍ നേരത്തെ നടത്തിയിട്ടുണ്ട്.
വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരിക്കെ എം.സി ജോസഫൈൻ ആദ്യമായല്ല സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നത്. വനിതാ നേതാവ് നൽകിയ പരാതിയിൽ പി.കെ ശശി എം.എല്‍.എക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചപ്പോഴും വിവാദമായ പരാമർശങ്ങളാണ് ജോസഫൈന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അധ്യക്ഷ സ്ഥാനത്തു നിന്നും ജോസഫൈനെ മാറ്റാൻ പാർട്ടി ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി നേരത്തെയാകാനാണ് സാധ്യത.
വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് പുറമെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് എം.സി ജോസഫൈന്‍. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയരുന്ന സ്ത്രീവിരുദ്ധതയില്‍ ജോസഫൈന്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനം ആദ്യമായിട്ടല്ല ഉയരുന്നത്. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനകളും എം.സി ജോസഫൈന്‍ നേരത്തെ നടത്തിയിട്ടുണ്ട്.
വനിതാ നേതാവ് നല്‍കിയ പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എയായിരുന്ന പി.കെ ശശിക്കെതിരെ സി.പി.എം നടപടി സ്വീകരിച്ചപ്പോള്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം രൂക്ഷമായിരുന്നു. പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നായിരുന്നു പി.കെ ശശി വിഷയത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം.
ലോക് സഭ തെരഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫ് കണ്‍വീനറായ എ വിജയരാഘവന്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയപ്പോഴും ജോസഫൈന്‍ മൗനം പാലിച്ചു. വിഷയത്തില്‍ രമ്യ ഹരിദാസ് പരാതി നല്‍കിയിട്ടില്ലെന്നും, രമ്യയെ പോലൊരാള്‍ക്ക് പരാതി തരാവുന്നതേയുള്ളു എന്നും ക്ഷുഭിതയായികൊണ്ടാണ് ജോസഫൈന്‍ പ്രതികരിച്ചത്.
ഒരു സ്ത്രീയും വാക്കുകൊണ്ടോ നോക്കുകൊണ്ടോ അക്രമിക്കപ്പെടാന്‍ പാടില്ലെന്ന് പറഞ്ഞ എം.സി ജോസഫൈന്‍ തന്നെയാണ് ഒടുവിലായി, തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയത്. അണികളില്‍ നിന്ന് പോലും എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന വരുന്നത് പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കിയിട്ടുണ്ട്.
Adjust Story Font
16